തനിക്കെതിരായ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രാദേശിക നേതാക്കളെന്ന് സിഒടി നസീർ

സിഒടി നസീറിന് എതിരായ ആക്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സിപിഐഎം വാദത്തെ തള്ളി സിഒടി നസീർ. തനിക്കെതിരായ അക്രമത്തിൽ പ്രാദേശിക സിപിഐഎം നേതാക്കൾക്ക് പങ്ക് ഉണ്ടെന്ന് നസീർ പറഞ്ഞു. ഈ കാര്യം പാർട്ടി പരോശോധിക്കുമെന്ന് എം വി ജയരാജൻ ഉറപ്പ് നൽകിയതായും നസീർ പറഞ്ഞു. പൊലീസ് അന്വേഷണം ശരിയായ ദിശയിൽ നടക്കണമെന്നും നസീർ ആവശ്യപ്പെട്ടു

വടകര ലോകസഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഐഎം നേതാവുമായ സിഒടി നസീറിനെതിരായ അക്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു സിപിഐഎമ്മിന്റെ വാദം. ഇതിനെ തള്ളിയാണ് നസീർ തന്നെ രംഗത്ത് എത്തിയത്. തനിക്ക് എതിരായ അക്രമത്തിൽ പ്രദേശിക സിപിഐഎം നേതാക്കൾക്ക് പങ്ക് ഉണ്ടെന്നാണ് നസീർ ആരോപിക്കുന്നത്. അക്രമത്തിന് പിന്നിൽ തലശ്ശേരി കേന്ദ്രീകൃതമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനെ കുറിച്ച് പാർട്ടി അന്വേഷിക്കുമെന്ന് എം വി ജയരാജൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അതേസമയം പാർട്ടി അന്വേഷണം കൊണ്ട് കാര്യമില്ലെന്നും നസീർ പറഞ്ഞു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം. ഭീഷണി ഉണ്ടെന്ന കാര്യം നേരത്തെ പൊലീസിനെ അറിയിച്ചിരുന്നതായും അക്രമത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് ഒതുക്കാൻ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിനിടെ സിഒടി നസീറിനെ ആക്രമിച്ച മൂന്നുപേരെയും പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചന.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top