Advertisement

സൈദാബോയ്ക്ക് വക്കീലാകണം, ശൈശവ വിവാഹത്തിനെതിരെ പോരാടാൻ

May 22, 2019
Google News 0 minutes Read

ശൈശവ വിവാഹം 2006 ൽ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും മിക്ക ഉൾനാടൻ ഇടങ്ങളിലും ഇപ്പോഴും അത് നടന്നു വരികയാണ്. പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ പെൺകുട്ടികൾ മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹിതരാകുന്നു. ഇതിനെതിരെ നടപടികൾ കുറവാണ് എന്നതാണ് വാസ്തവം. വിധിയെ പഴിച്ച് ജീവിക്കുക മാത്രമാണ് പെൺകുട്ടികൾക്ക് കഴിയുക. ആന്ധ്രപ്രദേശ് സ്വദേശിനിയായ സൈദാബോ സയ്യാദിന് ഒരു ലക്ഷ്യമുണ്ട്. വക്കീലായി ശൈശവ വിവാഹത്തിനെതിരെ പോരാടുക എന്നതാണ് അവൾ ലക്ഷ്യംവെയ്ക്കുന്നത്. ആദ്യമായി വോട്ടു ചെയ്യാനിറങ്ങുമ്പോൾ ശൈശവ വിവാഹം നിർത്തലാക്കുന്ന പാർട്ടിക്ക് വോട്ടു ചെയ്യുമെന്നാണ് സൈദാബോ പ്രഖ്യാപിച്ചത്, അത് എത്രത്തോളം സാധ്യമാകുമെന്ന് ഉറപ്പില്ലെങ്കിൽ കൂടി.

ശൈശവ വിവാഹത്തിന്റെ ജീവിക്കുന്ന ഇരകളുണ്ട് സൈദാബോയുടെ കുടുംബത്തിൽ. മൂത്ത സഹോദരിയെ പതിനാലാം വയസിൽ വിവാഹം കഴിച്ച് അയച്ചതാണെന്ന് സൈദാബോ പറയുന്നു. അവൾക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതായി വന്നു. പ്രസവത്തിന്റെ സമയത്ത് ഏറെ ദുരിതങ്ങളാണ് സഹോദരി അനുഭവിച്ചതെന്ന് സൈദാബോ ഓർത്തെടുക്കുന്നു. മൂന്ന് സിസേറിയനുകളാണ് ചേച്ചിക്ക് നടത്തിയതെന്നും സൈദാബോ പറയുന്നു.

ശൈശവ വിവാഹത്തിന്റെ ഇരയാണ് സൈദാബോയുടെ അമ്മായി. പത്താം ക്ലാസ് കഴിഞ്ഞയുടൻ അമ്മായിയെ വിവാഹം കഴിച്ച് അയച്ചതായി സൈദാബോ പറയുന്നു. പഠിക്കണമെന്ന് അമ്മായിക്ക് വളരെയധികം താൽപര്യം ഉണ്ടായിരുന്നു. മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ അമ്മായി മരിച്ചു. സിസേറിയനായിരുന്നു നടത്തിയത്. മരിക്കുമ്പോൾ അമ്മായിക്ക് പതിനേഴ് വയസു മാത്രമായിരുന്നു പ്രായമെന്നും സൈദാബോ വ്യക്തമാക്കുന്നു.

ദച്ചപ്പള്ളിയിലെ ഇന്റർമീഡിയേറ്റ് സ്‌കൂളിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് സൈദാബോ. തന്റെ ക്ലാസിലെ മിക്ക കുട്ടികളും വളരെ ചെറുപ്പത്തിൽ തന്നെ വിവാതിരയാവരാണെന്ന് സൈദാബോ പറയുന്നു. എല്ലാവരും അവരവരുടെ കഥകൾ പരസ്പരം പങ്കുവെയ്ക്കും. മിക്കവരും വിദ്യാഭ്യാസമുള്ളവരെയാകും വിവാഹം കഴിക്കുക. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായതിനാൽ വലിയൊരു തുക സ്ത്രീധനമായി നൽകേണ്ടിവരും. കുടുംബങ്ങൾക്ക് താങ്ങാവുന്നതിനും അപ്പുറമായിരിക്കും അവർ ചോദിക്കുന്ന സ്ത്രീധനം. പെൺമക്കളെ ഒരു പരിധിക്കപ്പുറം വിട്ട് പഠിപ്പിക്കാൻ മാതാപിതാക്കൾ തയ്യാറാകില്ല. ഇല്ലാത്ത പണം നൽകി വിവാഹം കഴിച്ചയക്കുകയാണ് ചെയ്യുന്നതെന്നും സൈദാബോ പറയുന്നു.

തെരഞ്ഞെടുപ്പിന് മുൻപ് പല രാഷ്ട്രീയക്കാരും ശൈശവ വിവാഹം നിരോധിക്കുമെന്ന് വാക്കു നൽകും. പക്ഷേ വാഗ്ദാനം നടപ്പിലാക്കാൻ ആരും ശ്രമിക്കാറില്ല. ഇപ്പോൾ തനിക്ക് വോട്ടു ചെയ്യാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. താനത് വിനിയോഗിക്കുക തന്നെ ചെയ്യും. ശൈശവ വിവാഹം നിയമ വിരുദ്ധമാണ്. പക്ഷേ അത് ശരിയായ രീതിയിൽ നടപ്പിലാകുന്നില്ല എന്നതാണ് വാസ്തവം. ഏത് പാർട്ടിയാണ് ശൈശവ വിവാഹം നിയമ വിരുദ്ധമാക്കുന്നത് അവരെ താൻ പിന്തുണക്കുമെന്നും സൈദാബോ പറയുന്നു.

തനിക്ക് ഒരു വക്കീലാകണം. തന്റെ ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോൾ കോളെജിൽ അയച്ച് പഠിപ്പിക്കാൻ പണമില്ലെന്നാണ് അവർ പറഞ്ഞത്. പരീക്ഷ കഴിഞ്ഞാലുടൻ വിവാഹം കഴിച്ച് അയക്കുമെന്നാണ് അവർ പറഞ്ഞത്. പിന്നീട് കാര്യങ്ങൾ മനസിലായപ്പോൾ പഠനം നിർത്തുമെന്ന് പറഞ്ഞതിൽ അമ്മ ക്ഷമ ചോദിച്ചു. കെട്ടിപ്പിടിച്ച് കരഞ്ഞു. താനും കരഞ്ഞു. അവസരങ്ങൾ അനുകൂലമായാൽ താൻ ഒരു വക്കീലാകും. ബാല വിവാഹം അവസാനിപ്പിക്കുന്നതിന് വേണ്ടി പോരാടുക തന്നെ ചെയ്യുമെന്നും സൈദാബോ കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here