ഐ-ലീഗിലെ ഗോളടി വീരൻ പെഡ്രോ മാൻസി ബ്ലാസ്റ്റേഴ്സിലേക്കെന്ന് റിപ്പോർട്ട്

കഴിഞ്ഞ സീസണിൽ ഐ-ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്സിക്ക് വേണ്ടി ഉജ്ജ്വല പ്രകടനം പുറത്തെടുത്ത സ്പാനിഷ്-ഉറുഗ്വേ ഫോർവേഡ് പെഡ്രോ മാൻസി കേരള ബ്ലാസ്റ്റേഴ്സിലേക്കെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ലെങ്കിലും പെഡ്രോയുമായി ബ്ലാസ്റ്റേഴ്സ് അധികൃതർ ചർച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സീസണിൽ ചെന്നൈ സിറ്റിയെ ചാമ്പ്യന്മാരാക്കുന്നതിൽ വലിയ പങ്കാണ് പെഡ്രോ വഹിച്ചത്. 18 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ അടിച്ചു കൂട്ടിയ പെഡ്രോ ഒരു ഗോളിനു വഴിയൊരുക്കുകയും ചെയ്തിരുന്നു. ഹീറോ സൂപ്പർ കപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളും പെഡ്രോ സ്കോർ ചെയ്തിട്ടുണ്ട്. പെഡ്രോ ടീമിലെത്തിയാൽ ഗോളടിക്കാൻ ശേഷിയുള്ള ഒരു മികച്ച ഫോർവേഡിൻ്റെ അഭാവമുള്ള ബ്ലാസ്റ്റേഴ്സിന് അത് വലിയ നേട്ടമാകും.
അതേ സമയം, ചില മികച്ച സൈനിംഗുകളുമായി അടുത്ത സീസൺ പിടിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ്. നോർത്തീസ്റ്റ് കോച്ച് എൽകോ ഷറ്റോരിയെ ടീമിലെത്തിച്ചതും ആക്രമണ ഫുട്ബോൾ കണക്കുകൂട്ടിയാണ്. മികച്ച യുവതാരങ്ങളടക്കം പലരെയും ക്ലബിലെത്തിച്ച മാനേജ്മെൻ്റ് ഇനിയും സൈനിംഗുകൾ തുടരുമെന്നാണ് സൂചന നൽകുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here