‘പി സി ജോർജ് ഫാക്ടർ ഗുണം ചെയ്തില്ല’: തുറന്നു സമ്മതിച്ച് കെ സുരേന്ദ്രൻ

പി സി ജോർജ് ഫാക്ടർ ഗുണം ചെയ്തില്ലെന്ന് തുറന്നു പറഞ്ഞ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. ജോർജ് വന്നിട്ടും പ്രതീക്ഷിച്ച വോട്ട് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിൽ നിന്നും കിട്ടിയില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിൽ ജയിക്കുമെന്ന് ബിജെപിക്ക് പുറത്ത് നിന്ന് ആദ്യമായി ഒരാൾ പറയുന്നത് പിസി ജോർജ് ആയിരുന്നെന്നും കെ സുരേന്ദ്രൻ ഓർമ്മിച്ചു. എന്നാൽ സ്വാധീനമേഖലയിൽ പോലും വോട്ട് കുറഞ്ഞതിന്റെ സാഹചര്യവും കാരണവും പാർട്ടി ഫോറങ്ങളിൽ വിശദമായി വിലയിരുത്തുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Read more: കെ സുരേന്ദ്രന് ഏറ്റവും കുറവ് വോട്ടു ലഭിച്ചത് പിസി ജോർജിന്റെ മണ്ഡലത്തിൽ
പത്തനംതിട്ടയിലെ ഏഴ് നിയമസഭാ നിയോജകമണ്ഡലങ്ങളിൽ അഞ്ചിലും ബിജെപി നില മെച്ചപ്പെടുത്തിയപ്പോൾ പ്രതീക്ഷിച്ചിതിലേറെ തിരിച്ചടി കിട്ടിയത് പിസി ജോർജിന്റെ തട്ടകമായ പൂഞ്ഞാറിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നുമായിരുന്നു. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. ആകെ ലഭിച്ച 2,97,396 വോട്ടുകളിൽ പൂഞ്ഞാറിൽ നിന്നുള്ളത് 30990 വോട്ടുകൾ മാത്രമാണ്. ഇതോടെ പിസി ജോർജിന്റെ പിന്തുണ സുരേന്ദ്രന് ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, സുരേന്ദ്രന്റെ കാലുവാരിയത് ഒപ്പം നടന്നവരാണെന്ന് പി സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിലേയും തിരുവനന്തപുരത്തേയും തോൽവി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി ജോർജ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ പൂഞ്ഞാറിൽ നിന്നും 19966 വോട്ടുകൾ എൻഡിഎയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്ക് 43614 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇത്തവണ അത് 61530 വോട്ടുകളായി ഉയർന്നു. പൂഞ്ഞാർ മണ്ഡലത്തിൽ നിന്നാണ് 17929 വോട്ടുകളോടെ യുഡിഎഫിന് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here