‘കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷകൾ പൂവണിഞ്ഞില്ല’:പി എസ് ശ്രീധരൻപിള്ള

കേരളത്തിൽ ബിജെപിയുടെ പ്രതീക്ഷകൾ പൂവണിഞ്ഞില്ല എന്നുള്ളത് വാസ്തവമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. തെരഞ്ഞെടുപ്പ് ഫലം നിരാശയപ്പെടുത്തിയെന്നു അഭിപ്രായമില്ല. കൂടുതൽ വോട്ടുകൾ നേടാൻ ബിജെപിക്കു കഴിഞ്ഞുവെന്നും ശ്രീധരൻപിള്ള പറഞ്ഞു.
പ്രധാനമന്ത്രിയുടെ സത്യപ്രതിഞ്ജയ്ക്കു ശേഷം ചേരുന്ന തെരഞ്ഞെടുപ്പ് വിശകലന യോഗത്തിൽ കേരളത്തിലെ സാഹചര്യവും വിശകലനം ചെയ്യും. എൽഡിഎഫിനുണ്ടായ പരാജയത്തിന്റെ ധാർമ്മിക ഉത്തരാവാദിത്വം ഏറ്റെടുത്തു മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും പിഎസ് ശ്രീധരൻപിള്ള തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പി സി ജോർജ് ഫാക്ടർ ഗുണം ചെയ്തില്ലെന്ന് തുറന്നു പറഞ്ഞ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ രംഗത്തെത്തി. ജോർജ് വന്നിട്ടും പ്രതീക്ഷിച്ച വോട്ട് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിൽ നിന്നും കിട്ടിയില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. പത്തനംതിട്ടയിൽ ജയിക്കുമെന്ന് ബിജെപിക്ക് പുറത്ത് നിന്ന് ആദ്യമായി ഒരാൾ പറയുന്നത് പിസി ജോർജ് ആയിരുന്നെന്നും കെ സുരേന്ദ്രൻ ഓർമ്മിച്ചു. എന്നാൽ സ്വാധീനമേഖലയിൽ പോലും വോട്ട് കുറഞ്ഞതിന്റെ സാഹചര്യവും കാരണവും പാർട്ടി ഫോറങ്ങളിൽ വിശദമായി വിലയിരുത്തുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
അതിനിടെ ബിജെപി നേതൃത്വത്തിനെതിരെ പരാതിയുമായി വി മുരളീധര പക്ഷവും യുവനേതാക്കളും പരാതിയുമായി രംഗത്തെത്തി. സംസ്ഥാന അധ്യക്ഷൻ, സെക്രട്ടറി എന്നിവരെ മാറ്റണമെന്നാവശ്യം. പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാർ, ദേശീയ എക്‌സിക്യൂട്ടീവ് അഗം എസ് സേതുമാധവൻ എന്നിവർക്കാണ് പരാതി കൈമാറിയത്. പത്തനംതിട്ടയിൽ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വൈകിക്കാൻ സംഘടനാ സെക്രട്ടറി എം. ഗണേശൻ ശ്രമിച്ചുവെന്ന് കത്തിൽ വ്യക്തമാക്കുന്നു. പ്രസിഡന്റിന്റെ നിലപാട് മാറ്റങ്ങൾ പൊതുസമൂഹം സംശയത്തോടെ കണ്ടുവെന്നും പരാതിയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here