പാതി ബംഗാളിയായ പ്രിയംവദ തൊട്ടപ്പനിൽ എത്തിയത് എങ്ങനെ? ട്വന്റിഫോറിന് നൽകിയ പ്രത്യേക അഭിമുഖം

– പ്രിയംവദ/ രതി വി കെ

വിനായകൻ കുഞ്ഞിനെ എടുത്തുയർത്തി നിൽക്കുന്ന ആദ്യ പോസ്റ്ററിലൂടെ തന്നെ പ്രേക്ഷകരുടെ മനസിൽ പ്രതീക്ഷ വാനോളം ഉയർത്തിയ ഷാനവാസ് ബാവക്കുട്ടിയുടെ തൊട്ടപ്പൻ. ഷാനവാസിന്റെ ആദ്യ ചിത്രം കിസ്മത്ത് ജാതി രാഷ്ട്രീയവും വിജാതീയ പ്രണയവുമായിരുന്നു പ്രമേയമാക്കിയതെങ്കിൽ തൊട്ടപ്പൻ പറയുന്നത് രക്തബന്ധങ്ങൾക്കപ്പുറം മനുഷ്യർ തമ്മിലുള്ള വൈകാരിക ബന്ധങ്ങളുടെ ആഴമാണ്. ആമേനിന്റെ തിരക്കഥാകൃത്ത് പി എസ് റഫീഖാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നിരൂപക പ്രശംസ നേടിയ ഫ്രാൻസിസ് നെറോണയുടെ തൊട്ടപ്പൻ എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. സ്വാഭാവിക അഭിനത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ നിരവധിപേർ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ വിനായകനൊപ്പം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയംവദയെന്ന തൃശൂർകാരിയാണ്. പ്രിയംവദയുടെ ആദ്യ ചിത്രമാണ് തൊട്ടപ്പൻ. സിനിമയെ അത്രമേൽ ഇഷ്ടപ്പെടുന്ന പ്രിയ, തൊട്ടപ്പനിൽ തന്മയത്വമുള്ള അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയംവദ ട്വന്റിഫോറിനൊപ്പം

തൊട്ടപ്പനിലെ സാറയിലേക്ക്

പണ്ടു മുതലേ സിനിമ തന്നെയായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഗ്രാജ്വേഷൻ വിഷ്വൽ കമ്മ്യൂണിക്കേഷൻ എടുത്തു. തൊട്ടപ്പനിലേക്കുള്ള കാസ്റ്റിംഗ് കോൾ കണ്ട് അച്ഛനാണ് അക്കാര്യം എന്നോട് പറഞ്ഞത്. ഷാനവാസ് സാറിന്റെ കിസ്മത്ത് ഞാൻ കണ്ടിരുന്നു. ഞാൻ ആഗ്രഹിച്ചതുപോലെ വളരെ റിയലിസ്റ്റിക്ക് ആയിട്ടുള്ള ഒരു സിനിമ. തൊട്ടപ്പന്റെ തിരക്കഥാകൃത്ത് പി എസ് റഫീഖ് സാറിന്റെ ആമേനും കണ്ടിരുന്നു. ഇവരുടെ സിനിമയാണെന്ന് അറിഞ്ഞിട്ടാണ് തൊട്ടപ്പന്റെ കാസ്റ്റിംഗ് കോളിന് പോയത്. എനിക്ക് തിയേറ്റർ പിൻബലം ഒന്നും ഇല്ലാതിരുന്നു. സിനിമയിൽ അഭിനയിച്ചുള്ള മുൻ പരിചയവും ഇല്ല. അതുകൊണ്ട് ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു. പോയിനോക്കാമെന്നു കരുതി. കിട്ടുമെന്നൊന്നും പ്രതീക്ഷിച്ചായിരുന്നില്ല.

ഓഡിഷൻ നടന്നത് കൊച്ചിയിലായിരുന്നു. സഹ സംവിധായകൻ, ക്യാമറാമാൻ ഉൾപ്പെടെ നാലഞ്ച് പേര് അവിടെ ഉണ്ടായിരുന്നു. എനിക്ക് അവിടം വളരെ കൺഫേർട്ടബിൾ ആയിട്ട് തോന്നി. അവിടെ ഉണ്ടായിരുന്നവരൊക്കെ പൂർണ്ണ പിന്തുണ നൽകി. ആദ്യം സ്വയം പരിചയപ്പെടുത്തുകയാണ് ചെയ്തത്. പിന്നെ കുറച്ച് സിറ്റ്വേഷൻസ് തന്നു. കഥാപാത്രത്തിന്റെ പെരുമാറ്റം ഉൾപ്പെടെ വരുന്ന ചില സീനുകൾ അഭിനയിച്ചു കാണിക്കാൻ പറഞ്ഞു. അത് ചെയ്തു.

അതിന് ശേഷമാണ് ടെൻഷൻ കൂടിയത്

കിട്ടി എന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഭയങ്കര സന്തോഷം തോന്നി. സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമായിരുന്നു ടെൻഷൻ കൂടിയത്. വളരെ വെല്ലുവിളി ഉയർത്തുന്ന ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. സംവിധായകന്റെ പ്രതീക്ഷയ്ക്ക് ഒപ്പം എത്താൻ കഴിയുമോ? എങ്ങനെ അവതരിപ്പിച്ച് ഫലിപ്പിക്കും എന്നതൊക്കെ ടെൻഷൻ കൂട്ടി. പക്ഷേ അഭിനയത്തിലേക്ക് വന്നപ്പോൾ അതൊക്കെ മാറി. പ്രത്യേകിച്ച് വിനായകൻ സാറിന്റെ കൂടെ സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ ഭാഗ്യമായാണ് കരുതുന്നത്.

കമ്മട്ടിപ്പാടത്തിലെ ഗംഗയിൽ നിന്നും തൊട്ടപ്പനിലേക്ക് എത്തിയ വിനായകൻ. തൊട്ടപ്പനും സാറയും തമ്മിലുള്ള കെമിസ്ട്രി

വിനായകൻ സാറിന്റെ കൂടെ വർക്ക് ചെയ്തപ്പോൾ കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റി. ഒരു കഥാപാത്രത്തെ എങ്ങനെയാണ് വിശകലനം ചെയ്യേണ്ടത്, അതിന് എന്തൊക്കെയാണ് ചെയ്യണ്ടത് തുടങ്ങി കുറേ കാര്യങ്ങൾ കണ്ട് പഠിക്കാൻ സാധിച്ചു. വിനായകൻ സാറ് വളരെ കൺഫേർട്ടബിൾ ആയിരുന്നു. ഒരോ സീനും എങ്ങനെ ചെയ്യണമെന്ന് കൃത്യമായിട്ട് പറഞ്ഞുതരും. പക്ഷേ എനിക്ക് നല്ല പേടിയായിരുന്നു. അത്രയും വലിയൊരു നടന്റെ കൂടെ പുതുമുഖമായ ഞാൻ അഭിനയിക്കുന്നു, അത് എങ്ങനെയാകും, ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു. കൂടെ അഭിനയിച്ചു തുടങ്ങിയപ്പോൾ ആ ടെൻഷനൊക്കെ മാറി. പൂർണ്ണ പിന്തുണ നൽകി ഒപ്പം നിൽക്കുന്ന ഒരു വലിയ നടനാണ് വിനായകൻ സാർ. തൊട്ടപ്പനും സാറയും തമ്മിലുള്ള കെമിസ്ട്രി വർക്ക് ഔട്ടായി എന്നാണ് എനിക്ക് തോന്നുന്നത്.

തൊട്ടപ്പൻ പറയുന്നത്

ഫ്രാൻസിസ് നെറോണയുടെ ചെറുകഥയെ സിനിമയിലേക്ക് അതേ പോലെ പകർത്തുകയല്ല ചെയ്തിട്ടുള്ളത്. ഷാനവാസ് സാർ സംവിധായകൻ എന്ന നിലയിൽ കുറേ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കഥാപാത്രത്തിന്റെ വികാരങ്ങളെ അതുപോലെ സിനിമയിലുണ്ട്. കുട്ടിയും കുട്ടിയുടെ തൊട്ടപ്പനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കഥയിലുള്ളതുപോലെ തന്നെയാണ് സിനിമയിലും ഉള്ളത്. രക്ത ബന്ധം ഇല്ലാത്ത ഒരു പുരുഷനും സ്ത്രീക്കും ജീവിതകാലം മുഴുവൻ അച്ഛനും മകളുമായി ജീവിക്കാൻ സാധിക്കും എന്നതാണ് സിനിമ പറയുന്നത്.

വിനായകൻ സാറിനൊപ്പം ആദ്യം ചെയ്ത ആ സീൻ, തൊട്ടപ്പനിലെ ഒരിക്കലും മറക്കാൻ പറ്റാത്ത മൊമന്റ്

കുറേ അനുഭവങ്ങൾ ഉണ്ടായിരുന്നു. അതിൽ എടുത്തു പറയാൻ പറ്റുക, വിനായകൻ സാറിനൊപ്പം എടുത്ത ആദ്യ ഷോട്ട് ആയിരിക്കും. റോഷനെയൊക്കെ സിനിമ ചെയ്യുന്നതിന് മുൻപ് കണ്ടു, പരിചയപ്പെട്ടു, സംസാരിച്ചു. പക്ഷേ വിനായകൻ സാറിനെ ആദ്യമായിട്ട് കാണുന്നത് തന്നെ ആക്ഷൻ പറഞ്ഞ് കഴിഞ്ഞ് ഒരു സീൻ ചെയ്യുമ്പോഴാണ്. കമ്മട്ടിപ്പാടത്തിലും മറ്റു പല സിനിമകളിലും കണ്ട് ആരാധിക്കുന്ന ഒരു നടനെ ആദ്യ സീൻ ആക്ഷൻ പറഞ്ഞ് വിളിക്കുമ്പോൾ ഞാൻ കാണുകയാണ്. ഒരു പ്രത്യേകതരം അനുഭവമായിരുന്നു. തൊട്ടപ്പനിലെ ഒരിക്കലും മറക്കാൻ കഴിയാത്ത, മനസിൽ പതിഞ്ഞ ഒരു മൊമന്റ് ആയിരുന്നു അത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ എല്ലാവരും ഒരു കുടുംബമായിട്ടായിരുന്നു. ഷാനവാസ് സാറാണെങ്കിലും റഫീഖ് സാറാമെങ്കിലും ക്യാമറ കൈകാര്യം ചെയ്ത സുരേഷ് രാജൻ സാർ ആണെങ്കിലും മികച്ച പിന്തുണ നൽകി. ഷാനവാസ് സാറാണെങ്കിൽ ഭയങ്കര ക്ഷമയുള്ള ആളാണ്. ഒരോ സീനും സമയമെടുത്ത് ചെയ്‌തോളാൻ പറയും. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് സമയത്ത് ഒരു പ്രശ്‌നവും അനുഭവപ്പെട്ടിട്ടില്ല.

സാറയാകാൻ അഭിനയം പഠിക്കേണ്ടതുണ്ടായിരുന്നു, റോഷനുമായുളള ‘പ്രണയം’ അവിടെ നിന്നും

ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് അഭിനേതാക്കളുടെ മനസ് ഫ്രീയാക്കുന്നതിന് വേണ്ടി ഒരു ക്യാംപുണ്ടായിരുന്നു. ഫോർട്ടുകൊച്ചിയിൽ ഏഴോ പത്തോ ദിവസം ആ ക്യാംപ് നടന്നു. ഞാനും റോഷൻ ചേട്ടനും ഉൾപ്പെടെ ഏഴോളം നടീ നടന്മാർ ആ ക്യാംപിൽ പങ്കെടുത്തു. ജയപ്രകാശ് കുളൂർ മാഷും ഗോപൻ ചിദംബരം സാറുമൊക്കെയാണ് ക്ലാസ് എടുത്തത്. റോഷൻ ചേട്ടനുമായി പ്രണയം ഉൾപ്പെടെ സീനുകളുണ്ട് ചിത്രത്തിൽ. അതിലേക്ക് എത്തുന്നതിന് ക്യാംപ് സഹായകമായി. ക്യാംപിലൂടെ ഒരു സൗഹൃദം സ്ഥാപിക്കാൻ കഴിഞ്ഞു. അതുകൊണ്ട് സെറ്റിൽ അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. സെറ്റിൽ ആദ്യമായിട്ട് കാണുന്ന ഒരാൾ ആയിരുന്നില്ല റോഷൻ. ഒരു വ്യക്തിയെന്ന നിലയിൽ ഭയങ്കര ഫ്രണ്ട്‌ലിയാണ് റോഷൻ. ഒരുമിച്ചുള്ള സീനുകളിൽ ഒന്നും ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. ഒരു സീനിന് മുൻപ് അടുത്ത് വന്ന് അത് അങ്ങനെ ചെയ്താൽ മതി, പേടിയൊന്നും വേണ്ട എന്നൊക്കെ പറയും. അതുകൊണ്ട് തന്നെ നമുക്ക് ഒരു ആത്മവിശ്വാസം കിട്ടും.

അങ്ങനെ വഞ്ചിതുഴയാൻ പഠിച്ചു, അനിത ചേച്ചി ഒരുപാട് സഹായിച്ചു

തൊട്ടപ്പനിലെ സാറ ഒരു തുരുത്തിൽ താമസിക്കുന്ന കഥാപാത്രമാണ്. എനിക്കാണെങ്കിൽ വഞ്ചി തുഴയാൻ അറിയില്ലായിരുന്നു. സിനിമയ്ക്ക് വേണ്ടി വഞ്ചി തുഴയാൻ പഠിക്കണമായിരുന്നു. ആ ഒരു അനുഭവം വളരെ രസകരമായിരുന്നു. സിനിമയിൽ ചെറിയ ഒരു കഥാപാത്രം ചെയ്യുന്ന അനിത ചേച്ചിയാണ് വഞ്ചി തുഴയാൻ പഠിപ്പിച്ചത്. ചേച്ചി നാടകങ്ങൾ ഒക്കെ ചെയ്തിട്ടുള്ള ആളാണ്. കൊച്ചി സ്ലാങും പഠിപ്പിച്ചത് അനിത ചേച്ചിയാണ്. അതിന് വേണ്ടി ദിവസങ്ങളോളം ചേച്ചിയുടെ വീട്ടിൽ പോയി താമസിച്ചു. അവിടെ ഒരു വഞ്ചിയുണ്ടായിരുന്നു. അതിൽ പോയി മീൻ പിടിക്കാൻ പഠിച്ചു. വഞ്ചി തുഴയാൻ പഠിക്കാൻ അധികം ദിവസം വേണ്ടി വന്നില്ല. ഇരിപ്പും പങ്കായം പിടിക്കുന്ന രീതിയുമൊക്കെ കണ്ടപ്പോ അവര് പറഞ്ഞു എന്നും തുഴയുന്ന ഒരു ആളെപ്പോലെയുണ്ടെന്ന്. നീന്താൻ അറിയുന്നതുകൊണ്ട് ആ ഒരു പേടി ഉണ്ടായിരുന്നില്ല.

ശരീരത്തിനോട് ചേർന്നു നിൽക്കുന്ന ശബ്ദം വേണമെന്ന് നിർബന്ധമുണ്ടായിരുന്നു

ചിത്രത്തിൽ സാറക്ക് വേണ്ടി ഡബ്ബ് ചെയ്തത് ഞാൻ തന്നെയാണ്. ശരീരത്തിനോട് ചേർന്നു നിൽക്കുന്ന ശബ്ദം വേണമെന്ന് നിർബന്ധമുണ്ടായിരുന്നു. കൊച്ചി സ്ലാങ് പടിച്ചെടുക്കാൻ കുറച്ചു പാടുപെട്ടു. കുറേ ശ്രമിക്കേണ്ടതായി വന്നു. അനിത ചേച്ചി അതിന് വേണ്ടി കുറേ സഹായിച്ചു. എത്രത്തോളം കൊച്ചി സ്ലാങ് വന്നു എന്നത് ചിത്രം കണ്ടു കഴിഞ്ഞാലേ മനസിലാകുകയുള്ളൂ.

സിനിമയെ കുറിച്ചുള്ള പ്രതീക്ഷകൾ

പ്രതീക്ഷകളുണ്ട്. അതിനപ്പുറം ടെൻഷനും ഉണ്ട്. ഇത് എന്റെ ആദ്യ സിനിമയാണ്. അതിപ്പോൾ ആദ്യ സിനിമ അല്ലെങ്കിൽ കൂടി ടെൻഷൻ ഉണ്ടാകുമായിരുന്നിരിക്കും. അത് സ്വാഭാവികമാണ്. സിനിമ എന്നു പറയുന്നത് ശരിക്കും ജനങ്ങളുടെ കൈയിലാണ്. അവർക്ക് ഇഷ്ടപ്പെട്ടാലാണ് അത് സ്വീകരിക്കപ്പെട്ടു, വിജയിച്ചു എന്നൊക്കെ പറയാൻ പറ്റുക. തൊട്ടപ്പൻ വ്യത്യസ്തമായ ഒരു ചിത്രമാണ്. പ്രണയുണ്ട്,  ഇമോഷൻസ് ഉണ്ട്, എല്ലാം ഉണ്ട്. വളരെ മനോഹരമായ ബന്ധം കാണിക്കുന്ന ഒരു ചിത്രമാണ്. ഈ അടുത്ത കാലത്ത് മലയാളത്തിൽ ഇത്തരത്തിലൊരു സിനിമ വന്നിട്ടില്ലെന്ന് ഉറപ്പായും പറയാൻ പറ്റും. നമ്മളിൽ ഒരാളായിട്ടാണ് അതിലെ കഥാപാത്രങ്ങൾ.  പിന്നെ പ്രകൃതി ഭംഗി മനോഹരമായി പകർത്തിയിട്ടുണ്ട്.

അത് പ്രശസ്തിക്ക് അപ്പുറം, സിനിമയോടുള്ള ഇഷ്ടത്തിന് പിന്നിൽ

സിനിമയിൽ പ്രശസ്തി എന്നത് ഒരു ഘടകമാണ്. എന്നാൽ അതിന് അപ്പുറത്ത് മറ്റ് ചില കാരണങ്ങളുണ്ട്. അമ്മ ആർട്ടിസ്റ്റാണ്. ചെറുപ്പം മുതൽ ഒരു ആർട്ടിസ്റ്റിന്റെ ജീവിതം കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ട് തന്നെ ഒരു ആർട്ടിസ്റ്റാകണമെന്ന ആഗ്രഹം കുഞ്ഞായിരുന്നപ്പോൾ തന്നെ എന്റെ മനസിൽ കയറി. പിന്നെ സിനിമ കാണാൻ ഇഷ്ടമായിരുന്നു. ഒരു ഘട്ടത്തിന് എന്താകണം എന്നത് സംബന്ധിച്ച് ഒരു തീരുമാനത്തിൽ എത്താൻ എനിക്ക് കഴിഞ്ഞില്ല. അതേ പറ്റി കുറേ ആലോചിച്ചിട്ടുണ്ട്. ഒരു ഡോക്ടർ ആകണമെന്ന് ഞാൻ ആഗ്രഹിക്കുകയാണെങ്കിൽ ഒരു പക്ഷേ എനിക്ക് അത് ആകാൻ സാധിച്ചേക്കും, എഞ്ചിനീയറാകണമെങ്കിൽ, വക്കീലാകണമെങ്കിൽ അതിനൊക്കെ സാധിച്ചേക്കാം. പക്ഷേ ജീവിതത്തിൽ ഇതൊക്കെ ഒരിക്കലേ സാധിക്കൂ. ഒരു നടിയായി കഴിഞ്ഞാൽ ജീവിതത്തിൽ പല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കും. സിനിമ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നുള്ളതാണ്.

സിനിമയിലെ വിജയ പരാജയം. സിനിമയെ പ്രിയംവദ കാണുന്നത്

സിനിമ ബിസിനസ് മാത്രമല്ല. ഒരു പ്രൊഡ്യൂസർ ആയിരുന്നെങ്കിൽ സിനിമയുടെ ബിസിനസ് ഭാഗം കൂടി ഒരുപക്ഷേ ഞാൻ ചിന്തിക്കുമായിരുന്നു.  ഒരു നടി എന്ന നിലയിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തെ ആളുകൾ എങ്ങനെ നോക്കി കാണുന്നു, അവർ എങ്ങനെ സ്വീകരിക്കുന്നു എന്നതിനാണ് പ്രാധാന്യം നൽകുന്നത്. തൊട്ടപ്പനിൽ ഞാൻ സാറയാണ്. ആ സാറയായി ആളുകൾക്ക് കാണാൻ കഴിഞ്ഞോ എന്നായിരിക്കും ഞാൻ നോക്കുക. പ്രിയംവദായയി ആളുകൾക്ക് എന്നെ അറിയാം. പക്ഷേ തിയേറ്ററിൽ അവർ കാണേണ്ടത് സാറയേയാണ്. അവിടെയായിരിക്കും ഒരു നടിയെ സംബന്ധിച്ചിടത്തോളം വിജയം. ഒരു ആക്ടർ എന്ന നിലയിൽ സിനിമയുടെ വിജയ പരാജയം എന്നു പറയുന്നത് അവർ ചെയ്യുന്ന കഥാപാത്രത്തെ ജനം എങ്ങനെ സ്വീകരിക്കുന്നു എന്നതാണെന്നാണ് എന്റെ വിശ്വാസം.

സ്ത്രീ കേന്ദ്രീകൃത സിനിമകൾക്കും പ്രാധാന്യമേറുന്നുണ്ട്

സിനിമയിലെ ഈ ഒരു കാലഘട്ടം നോക്കുകയാണെങ്കിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾക്കും പ്രാധാന്യമേറുന്നുണ്ട്. ഇപ്പോഴുളള നടിമാരെ എടുക്കുകയാണെങ്കിൽ ഉറച്ച നിലപാടും വ്യക്തിത്വമുള്ളവരുമാണ്. പണ്ടത്തെ നടിമാർ അങ്ങനെയല്ല എന്നല്ല പറയുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമകൾ എന്നത് നല്ല കാര്യമാണ്.

ഒരു പ്രശ്‌നമുണ്ടായാൽ പ്രതികരിക്കുക തന്നെ ചെയ്യും

സിനിമയിൽ മാത്രമല്ല, എവിടെയും ആയിക്കോട്ടെ ഒരു സ്ത്രീ എന്ന നിലയിൽ പ്രശ്‌നമുണ്ടാകുകയാണെങ്കിൽ തുറന്നു പറയുക തന്നെ ചെയ്യണം. അത് നമുക്ക് വേണ്ടി മാത്രമായിരിക്കില്ല, ഇനി മറ്റൊരാൾക്ക് കൂടി അങ്ങനെ സംഭവിക്കരുതെന്ന് കരുതിയാകണം വിഷയത്തിൽ ഇടപെടേണ്ടതും പ്രതികരിക്കേണ്ടതും. സിനിമയിലെന്നല്ല, എവിടെയും ആയിക്കോട്ടെ എനിക്കൊരു പ്രശ്‌നം ഉണ്ടായാൽ പ്രതികരിക്കുക തന്നെ ചെയ്യും.

പാതി മലയാളി, പാതി ബംഗാളി

അച്ഛൻ മലയാളിയാണ്. തൃശൂർ പൂങ്കുന്നത്താണ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്നത്. അമ്മയുടെ നാട് കൊൽക്കത്തയാണ്. അമ്മ ആർട്ടിസ്റ്റാണ്, നൽത്തകി. അച്ഛന് വേണ്ടിയാണ് അമ്മ കേരളത്തിലേക്ക് വന്നത്. വീട്ടിൽ സംസാരിക്കുന്നത് ബംഗാളി ഭാഷയാണ്. അച്ഛനോടാണ് മലയാളം സംസാരിക്കുന്നത്. പഠിച്ചതൊക്കെ കേരളത്തിലാണ്. സിനിമയിൽ അഭിനയിക്കണം എന്ന താൽപര്യം പറഞ്ഞപ്പോൾ അമ്മയും അച്ഛനും പൂർണ്ണ പിന്തുണ നൽകി. അമ്മ നർത്തകിയായതുകൊണ്ടു തന്നെ അതേപ്പറ്റിയൊക്കെ അറിയാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top