ആന്ധ്രാപ്രദേശിന് പ്രത്യേക പദവി; ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രിയെ സന്ദർശിച്ചു
ആന്ധ്രപ്രദേശ് നിയുക്ത മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിലെത്തി സന്ദർശിച്ചു. എൻഡിഎ സർക്കാരിനെ പുറമെ നിന്ന് പിന്തുണക്കുന്നതും ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയായി എന്നാണ് സൂചന.
ആന്ധ്രപ്രദേശിൽ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പിൽ മിന്നുന്ന പ്രകടനമാണ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിൽ നടത്തിയത്. സംസ്ഥാനം ഭരിക്കാനുള്ള ഭൂരിപക്ഷം നേടുകയും 25 ലോക്‌സഭാ സീറ്റുകളിൽ 22 എണ്ണത്തിൽ വിജയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജഗൻമോഹൻ റെഡ്ഡി ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്.
ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നൽകുന്ന കാര്യത്തിൽ പരിഗണന ലഭിച്ചാൽ ജഗൻ എൻഡിഎ സർക്കാരിന് പ്രശ്‌നാധിഷ്ഠിത പിന്തുണ നൽകിയേക്കും. വൈഎസ്ആർ കോൺഗ്രസിന്റെ പിന്തുണ രാജ്യസഭയിൽ ബിജെപിക്ക് ആവശ്യമുണ്ട്. ആ സാഹചര്യത്തിൽ അനുകൂല തീരുമാനങ്ങൾ ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജഗൻ മോഹൻ റെഡ്ഡി. പ്രത്യേക സംസ്ഥാന പദവി വാഗ്ദാനം പാലിച്ചില്ല എന്നാരോപിച്ചായിരുന്നു സഖ്യകക്ഷിയായിരുന്ന ടിഡിപി എൻഡിഎ വിട്ടത്. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി പ്രതിപക്ഷ കക്ഷികൾക്കൊപ്പം നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കനത്ത പരാജയം നേരിടേണ്ടി വന്നു. പ്രത്യേക സംസ്ഥാന പദവി നേടിയെടുക്കാനായില്ലെങ്കിൽ ജഗൻ മോഹനും ഭാവിയിൽ രാഷ്ട്രീയ തിരിച്ചടി ഉണ്ടാകാനുള്ള സാധ്യ കൂടുതലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here