‘സിപിഐഎമ്മിന്റെ അടിയന്തരവും കഴിച്ച ശേഷമേ പിണറായി പോകൂ’: പരിഹാസവുമായി കെ മുരളീധരൻ

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന്റെ വിജയത്തിൽ പിണറായി വിജയനും പങ്കുണ്ടെന്ന് മുരളീധരൻ പറഞ്ഞു. അവസാനത്തെ സിപിഐഎം മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. സിപിഐഎം അവശേഷിക്കുന്നത് കേരളത്തിലാണ്. ഇവിടെ പാർട്ടിയുടെ അടിയന്തരം കഴിച്ചതിന് ശേഷമേ പിണറായി പോകുകയുള്ളൂ എന്നും മുരളീധരൻ പരിഹസിച്ചു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണ് വേണ്ടത്. അക്കാര്യത്തിൽ അദ്ദേഹത്തിന് തീരുമാനമെടുക്കാം. 2004 ൽ കോൺഗ്രസിന് ഒരു സീറ്റു പോലും ലഭിക്കാതെ വന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി സ്ഥാനം രാജിവെച്ചിരുന്നു. ആ മാതൃക പിണറായി വിജയന് തുടരാം. എന്നാൽ പിണറായിയിൽ നിന്നും അതൊന്നും പ്രതീക്ഷിക്കുന്നില്ല. കേരളത്തിൽ അവസാനത്തെ ഇടത് മുഖ്യമന്ത്രിയാകാൻ പിണറായി വിജയൻ തീരുമാനിച്ചു കഴിഞ്ഞു. ആര് വിചാരിച്ചാലും അത് മാറ്റാൻ കഴിയില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണമായിരുന്നു അത്. ശബരിമല വിഷയം ബാധിക്കുകയാണെങ്കിൽ ബിജെപിയാണ് നേട്ടമുണ്ടാക്കേണ്ടതെന്നും എന്നാൽ പത്തനംതിട്ടയിൽ ഉൾപ്പെടെ ബിജെപി പിന്നിലായെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിലെ തോൽവി പ്രതീക്ഷിച്ചില്ലെന്നും ഈ തിരിച്ചടി താത്കാലികമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top