ലോകകപ്പിൽ ഉയിർത്തെഴുന്നേൽക്കുന്ന ഓസീസ്

ആരും അറിയാത്ത മനസിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് ലോകകപ്പിന്റെ സന്നാഹ മത്സരങ്ങൾ കാണിച്ചു തരുന്നത്. അതുപോലെ തന്നെയാണ് ഓസ്‌ട്രേലിയൻ ടീമും. രണ്ട് മാസം മുൻപ് വരെ ഇല്ലാത്ത ഒരു ഉണർവ് ഓസ്ട്രേലിയൻ ടീമിനും കാണാൻ കഴിയുന്നുണ്ട്.
പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമം ഒരു വശത്ത് ശക്തമാണ്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ടീമിന്റെ എല്ലാ ആത്മവിശ്വാസവും നഷ്ടമായ നിലയിലാണ്. തുടർ തോൽവികളും പന്ത് ചുരുണ്ടൽ വിവാദവും ഓസ്‌ട്രേലിയയെ മൊത്തത്തിൽ ഉലച്ചു കളഞ്ഞു. കോച്ച് ജസ്റ്റിൻ ലങ്കറും മറ്റു കളിക്കാരും അപമാന ഭാരത്താൽ ലോകത്തിന് മുൻപിൽ മുഖം കുനിച്ചുനിന്നു. ഈ പ്രശ്നങ്ങൾ എല്ലാം കളിക്കളത്തിൽ ടീം ഓസ്‌ട്രേലിയയെ നന്നായി ബാധിച്ചു.
ചെയ്ത തെറ്റിന് ഒരു വർഷത്തോളം സ്മിത്തും വാർണറും പുറത്തിരുന്നു. ടിം പെയിൻ ക്യാപ്റ്റനായി. പക്ഷെ സാങ്കേതിക തികവുള്ള ബാറ്റസ്മാനോ ക്യാപ്റ്റനോ ആയിരുന്നില്ല പെയിൻ. ഇന്റർനാഷണൽ മൽസരങ്ങളിൽ അനുഭവ സമ്പത്തോ നല്ല റെക്കോർഡോ ഇല്ല.ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒരു ക്യാപ്റ്റൻസി ആദ്യമായിട്ടാണ്.
എന്നാൽ സ്മിത്ത് അങ്ങനെ ആയിരുന്നില്ല. കോഹ്‌ലിയുമായി ബാറ്റിംഗ് സ്ഥാനത്തിൽ ഒപ്പത്തിനൊപ്പം നിൽക്കാനും ഒന്നാം സ്ഥാനത്തിന് മത്സരിക്കാനും സ്മിത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു. പക്ഷെ, ആ ഭാഗ്യം സ്മിത്ത് തന്നെ ഇല്ലാതാക്കി എന്ന് വേണം പറയാൻ
ജനുവരി 14 നു ഇംഗ്ലണ്ടുമായി ആരംഭിച്ച ടെസ്റ്റ് പരമ്പര 4/1നു ഓസ്ട്രേലിയ തോറ്റു. തുടർന്ന് ന്യൂസീലാൻഡും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പര ഓസ്ട്രേലിയ ജയിച്ചു. 3 ടെസ്റ്റ് പരമ്പരയിൽ 3ഉം ദക്ഷിണാഫ്രിക്ക ജയിച്ചു. 5 ഏകദിനം ഇംഗ്ലണ്ടുമായി നടന്നു. ഒന്നിൽ പോലും കങ്കാരുക്കൾക്ക് പിടിച്ചു നിൽക്കാനായില്ല. പാകിസ്ഥാനുമായി ടെസ്റ്റും ഏകദിനവും തോറ്റു. ഇന്ത്യയോടും ഇത് തന്നെ അവസ്ഥ. ഒരു ഘട്ടത്തിൽ വിരമിച്ച വാട്സൺ തിരിച്ചുവരണം എന്നുപോലും ആരാധകർ ആവശ്യപ്പെട്ടു. എന്നാൽ പെട്ടന്ന് തന്നെ ഓസ്ട്രേലിയ ട്രാക്കിലേക്ക് വന്നു.
തുടർന്ന് നടന്ന പരമ്പരയിൽ ലങ്കയെ 2-0നു ടെസ്റ്റിൽ തകർത്തെറിഞ്ഞു. ഇന്ത്യക്കെതിരായ 20-20 നേടി. 2 ഏകദിനങ്ങളിൽ തുടർ തോൽവി വഴങ്ങിയ ശേഷം 3-2ന് പരമ്പര നേടി. തുടർന്ന് പാകിസ്താനെ 5-0നു ഇല്ലാതാക്കാനും ഓസ്‌ട്രേലിയക്ക് കഴിഞ്ഞു.
ഇത്തവണ ഐപിഎൽ ടോപ്പർ ആയ വാർണറും നല്ല രീതിയിൽ രാജസ്ഥാന് വേണ്ടി കളിച്ച സ്മിത്തും ഫോം വീണ്ടെടുത്തിട്ടുണ്ട്. ആദ്യ സന്നാഹ മത്സരത്തിൽ ആസ്ട്രേലിയ ലോക ക്രിക്കറ്റിലെ ഒന്നാം നമ്പറുകാരെ 12 റൺസിന് കീഴടക്കി, അതും സ്മിത്തിന്റെ ശതകത്തോട് കൂടി.
കപ്പിന് വേണ്ടി ഉള്ള ഐസിസിയുടെ പ്രധാന ടൂർണമെൻ്റുകളുടെ സെമിയിൽ കയറിയിട്ടുണ്ടെങ്കിൽ ഓസ്‌ട്രേലിയയെ തളയ്ക്കാൻ എതിരാളികൾ പണിപ്പെടുമെന്നുറപ്പ്.
ഓസ്‌ട്രേലിയ ഒട്ടും ഫോമിൽ അല്ലാത്ത സമയത്താണ് ഫിഞ്ച് ക്യാപ്റ്റൻസി കൈകാര്യം ചെയ്യാൻ എത്തുന്നത്. പാകിസ്ഥാനുമായുള്ള സീരിസിൽ തുടർ സെഞ്ചുറികളോടെ ഫിഞ്ച് തന്റെ യഥാർത്ഥ ഫോമിലേക്ക് ഉയർന്നു കഴിഞ്ഞു. വേൾഡ് കപ്പിലും ഫിഞ്ച് തന്നെയാണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്.
ഫിഞ്ചും വാർണറും തന്നെ ആയിരിക്കും ഓപ്പണിങ്. അതാവട്ടെ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഓപ്പണിങ്ങിൽ ഒന്ന്. രണ്ടാം നമ്പറിൽ അവരുടെ ഏറ്റവും മികച്ച താരവും മുൻ ക്യാപ്റ്റനുമായിരുന്ന സ്‌റ്റീവ് സ്മിത്ത് ആണ്. സ്ഥിരതയുടെ പര്യായം ആയ ഉസ്മാൻ ഖവാജ ആണ് അടുത്ത ബാറ്റ്സ്മാൻ. ഷോൺ മാർഷ് കൂടെ എത്തുന്നതോടെ ഓസ്‌ട്രേലിയൻ മധ്യ നിര ശക്തമാണ്.
സ്മിത്തും വാർണറും ആദ്യ 11ൽ തിരിച്ചെത്തിയത്തോടെ യുവതാരവും മികച്ച ബാറ്റ്സ്മാനുമായ പീറ്റർ ഹാൻഡ്‌സ്‌കോംബ് ടീമിൽ നിന്നും പുറത്തായി. തുടർന്ന് മർക്കസ് സ്റ്റോയ്‌നിസിന്റെയും ഗ്ലെൻ മാസ്‌വെക്കിന്റെയും ഊഴമാണ് അവിടെ പവർ ഹിറ്റിങ്ങിന്റെ സെക്കൻഡ് ഹാഫ് ആരംഭിക്കുകയാണ്. ഏക വിക്കെറ്റ് കീപ്പർ അലക്സ് ക്യാരി മാത്രമാണ്. സ്പിൻ ഡിപ്പാർട്മെന്റ് നയിക്കുന്നത് വെറ്ററൻ താരം നാഥൻ ലയൺ ആണ്. കൂടെ ലെഗ് സ്പിന്നർ-ആദം സാമ്പയും.
പേസ് ആക്രമണത്തിന് ചുക്കാൻ പിടിക്കാൻ ജോഷ് ഹാസൽവുഡ് ഉണ്ടാവില്ല. 42മത്സരങ്ങളിൽ നിന്നും 72 വിക്കറ്റുള്ള ഹാസൽവുഡിന്റെയും ഇന്ത്യയ്‌ക്കെതിരെ മികച്ച രീതിയിൽ പന്തെറിഞ്ഞ ജെയ് റിച്ചാർഡ്സൻന്റെയും പിന്മാറ്റം ഓസ്‌ട്രേലിയൻ പേസ് ആക്രമണത്തിന്റെ മൂർച്ച കുറച്ചിട്ടുണ്ട്. എന്നാലും മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിങ്‌സും ഓപ്പണിങ് സ്പെല്ലിൽ ഇംഗ്ലണ്ട് പിച്ചുകളിൽ തീപ്പൊരി തെറിപ്പിക്കുമെന്നുറപ്പ്.
വിജയ വഴിയിൽ ആവശ്യമുള്ള സമയത്ത് കുതിച്ചെത്തുന്ന യാഗാശ്വം പോലെ അവസാന 5 ഏകദിനങ്ങളിൽ പാകിസ്താനെയും പരിശീലന മത്സരത്തിൽ ഇംഗ്ലണ്ടിനെയും തകർത്ത് ആസ്ട്രേലിയ യുദ്ധ കാഹളം മുഴക്കിക്കഴിഞ്ഞു.
(സാംസൺ എഴുതിയ കുറിപ്പ്)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here