ഈ കഫെയിലെ മെനുവിൽ തുക ഉണ്ടാകില്ല, എത്ര നൽകണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം; വ്യത്യസ്ത ആശയവുമായി കഫെ ഹാപ്പി കൊച്ചി

ഹോട്ടലുകൾക്ക് ഇന്ന് കൊച്ചിയിൽ പഞ്ഞമില്ല. പല രാജ്യത്തെയും പലതരം ഭക്ഷണങ്ങൾ കൊച്ചി നഗരവീഥികളിൽ നിറഞ്ഞിരിക്കും…കോൺടിനെന്റലാകട്ടെ, ചൈനീസാകട്ടെ, ഇറ്റാലിയനാകട്ടെ, കൊച്ചിക്കാർക്കെല്ലാം സുപരിചിതമാണ്… അതുകൊണ്ട് തന്നെ ‘ഹോട്ടൽ ബിസിനസ്സ്’ മേഖലയിൽ തങ്ങളുടേതായ ഇടം കണ്ടെത്തുക എന്നത് സംരംഭകരെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമായി മാറിക്കഴിഞ്ഞു. ആംബിയൻസ് കൊണ്ടും, ഭക്ഷണ വൈവിധ്യം കണ്ടും കൊച്ചിയുടെ മനസ്സും വയറും കീഴടക്കാൻ സംരംഭകർ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ ഒരുപറ്റം യുവാക്കൾ ഇവിടെ ഭക്ഷണ സംസ്‌കാരത്തെ തന്നെ മാറ്റി മറിച്ചുകൊണ്ട് വേറിട്ട വഴിയിൽ കൊച്ചിയുടെ ഖൽബ് കീഴടക്കിയിരിക്കുകയാണ്….ആഷിഖ്, ദീപക്, മനു പ്രസാദ്…അഥവാ കഫെ ഹാപ്പി കൊച്ചിക്ക് പിന്നിലെ മൂവർ സംഘം.

ആഷിഖ്, ദീപക്, മനു പ്രസാദ്

ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചിറങ്ങിയാൽ മെനുവിൽ കൊടുത്തിരിക്കുന്ന തുക പ്രകാരമുള്ള ബില്ലാണ് നമുക്ക് ലഭിക്കുക. എന്നാൽ കഫെ ഹാപ്പി കൊച്ചിയിൽ നമുക്ക് ഇഷ്ടമുള്ള തുക നൽകാം. കേട്ടാൽ കിറുക്കൻ ഐഡിയ എന്ന് തോന്നുമെങ്കിലും ‘പേ വാട്ട് യു ലൈക്ക്’ എന്ന ആശയം പരീക്ഷിച്ച് വിജയിച്ചിരിക്കുകയാണ് കഫേ ഹാപ്പി കൊച്ചി.

‘സിനിമ’യിൽ നിന്നും തുടക്കം

ഫോർട്ട് കൊച്ചി സ്വദേശിയായ ആഷിഖ്, മലപ്പുറം സ്വദേശിയായ ദീപക്, പിറവം സ്വദേശി മനു എന്നിവരാണ് കഫെ ഹാപ്പി കൊച്ചിക്ക് പിന്നിൽ. ആദ്യം സിനി മീൽസ് എന്ന സംരംഭത്തിലൂടെയാണ് മൂവരും ബിസിനസ്സ് മേഖലയിലേക്ക് കടന്നുവരുന്നത്. മലയാള സിനിമയെ ആസ്പദമാക്കി പുറത്തിറക്കുന്ന വസ്തുക്കളുടെ വിൽപ്പനയാണ് സിനി മീൽസിലൂടെ നടത്തുന്നത്. ആട് തോമയിലെ ‘ചെകുത്താൻ’ എന്നെഴുതിയ ടീ ഷർട്ടുകൾ, മൊബൈൽ ഫോണുകൾ, ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ എന്നെഴുതിയ കോഫി മഗുകൾ, തുടങ്ങി മലയാള സിനിമയിലെ ഹിറ്റ് കഥാപാത്രങ്ങളെയും അവരുടെ ഡയലോഗുകളും ആസ്പദമാക്കിയുള്ള വസ്തുക്കളാണ് വിറ്റഴിക്കുന്നത്.

ആദ്യം വാട്ട്‌സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ തുടങ്ങിയ ബിസിനസ്സ് നിലവിൽ cinemeals.in എന്ന വെബ്‌സൈറ്റിലൂടെയും പുരോഗമിക്കുന്നു. സിനിമയിലെ അണിയറപ്രവർത്തകരിൽ നിന്നും ഇതിനായി അവകാശം വാങ്ങിയ ശേഷമാണ് ഓരോ സിനിമയുടേയും കഥാപാത്രങ്ങളെയും ഡയലോഗുകളും ഉപയോഗിക്കുന്നത്. സിനി മീൽസ് ഒരു കരയ്ക്കടുത്ത് അതിൽ നിന്നും മികച്ച വരുമാനം ലഭിച്ചതിന് ശേഷമാണ് കഫെ ഹാപ്പി കൊച്ചിയിലേക്ക് മൂവരും കടക്കുന്നത്.

Cafe Happy Kochi

‘പേ വാട്ട് യു ലൈക്ക്’

2019 മാർച്ച് 17നാണ് കഫെ ഹാപ്പി കൊച്ചി ആരംഭിക്കുന്നത്. പനമ്പള്ളി നഗർ, 11 ക്രോസ് റോഡ് ചെന്നവസാനിക്കുന്നിടത്ത് ഇടത് ഭാഗത്തായാണ് കഫെ സ്ഥിതി ചെയ്യുന്നത്. ഫോർട്ട് കൊച്ചിയും, പനമ്പള്ളി നഗറുമാണ് ആദ്യം മനസ്സിലുണ്ടായിരുന്ന രണ്ടിടങ്ങൾ.

 

 

ഫോർട്ട് കൊച്ചിയിൽ കൂടുതലും വിദേശികളാണ് ഉപഭോക്താക്കളായി ഉണ്ടാവുക എന്നത് കൊണ്ടും സാധാരണ കൊച്ചി സ്വദേശികളിലേക്ക് കൂടി തങ്ങളുടെ ആശയം എത്തണം എന്നുള്ളതുകൊണ്ടും കഫെ തുടങ്ങാൻ പനമ്പള്ളി നഗർ തെരഞ്ഞെടുക്കുകയായിരുന്നു. കഫെ തുടങ്ങുമ്പോൾ സാമ്പത്തിക വിജയം എന്നതിലുപരി സേവനം എന്ന തലത്തിലേക്ക് എത്തിക്കുക എന്നതാണ് മൂവരുടേയും ഉദ്ദേശം.

പേ വാട്ട് യു ലൈക്ക്, അഥവാ നിങ്ങൾക്ക് ഇഷ്ടമുള്ള തുക നൽകുക- ഏതൊരു സംരംഭകനും സ്വീകരിക്കാൻ മടിക്കുന്ന ഒരു ആശയമാണ് ഇത്. കഫേ ഹാപ്പി കൊച്ചിയുടെ മെനു കാർഡിൽ ഒരു ഡിഷിനും നിശ്ചിത തുക ഉണ്ടാവില്ല. നിങ്ങൾക്ക് തീരുമാനിക്കാം എത്ര രൂപയാണ് ബിൽ തുകയായി നൽകേണ്ടതെന്ന്.

‘നാം കഴിച്ച ഭക്ഷണത്തിന്റെ തുകയല്ല നാം കൊടുക്കുന്നത്. അത് അവിടെ മുമ്പേ തന്നെ നമുക്ക് വേണ്ടി ആരോ നൽകി കഴിഞ്ഞു. ഇപ്പോൾ നാം കൊടുക്കാൻ പോകുന്നത് ഇനി അവിടെ വന്ന് ഭക്ഷണം കഴിക്കുന്നവരുടെ ബിൽ തുകയാണ്. അതായത് നമുക്ക് ആരോ വാങ്ങിത്തന്ന ഭക്ഷണമാണ് നാം കഴിച്ചത്. ഇനി അടുത്തത് വരുന്നതാരെന്ന് പോലും അറിയാതെയാണ് നാം അവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുന്നത്. ഇത് വഴി ഒരു ഫുഡ് ഷെയറിംഗ് ഹാപ്പിനസ്സ് ചെയിനിന്റെ ഭാഗമാവുകയാണ് കഫെയിൽ എത്തുന്ന ഓരോരുത്തരും’- കഫെയുടെ സംരംഭകരിൽ ഒരാളായ ആഷിഖ് ട്വന്റിഫോറിനോട് പറഞ്ഞു.

‘വരുന്ന ഓരോ ഉപഭോക്താവിനോടും ‘പേ വാട്ട് യു ലൈക്ക്’ എന്ന ആശയം പറഞ്ഞുകൊടുക്കാറുണ്ട്. എൺപത് ശതമാനത്തിലധികം പേരും തങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ തുക മനസ്സിൽ കണക്കുകൂട്ടിയാണ് ബിൽ തുക നൽകാറ്. ഭക്ഷണം പങ്കുവെക്കുക എന്നതിലെ സന്തോഷം മനസ്സിലാക്കിയ ഉപഭോക്താക്കൾ പലപ്പോഴും ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ തുക നൽകാറുണ്ട് ‘ – ആഷിഖ്.

കഫെ ഹൈലൈറ്റ്‌സ്

കഫെയുടെ നടത്തിപ്പിന് മുന്നിലും പിന്നിലും നിൽക്കുന്നത് ആഷിഖ്, ദീപക്, മനു പ്രസാദ് എന്നിവർ തന്നെയാണ്. പാചകം മുതൽ കണക്കുകൾ വരെയെല്ലാം ഈ കൈകളിൽ ഭദ്രം. പണ്ടുമുതൽ തന്നെ പാചകത്തോട് താൽപ്പര്യമുള്ള ദീപക് പഠനകാലത്ത് വീട്ടിൽ നിന്നും മാറി നിന്നതോടെ നല്ലൊരു കുക്കായി മാറി. ഈ പരിചയം തന്നെയാണ് കഫെ ഹാപ്പി കൊച്ചിയിലെ പാചകപ്പുരയിലും പുറത്തെടുക്കുന്നത്. ഒപ്പം മേൽനോട്ടത്തിനായി ഷെഫ് ലോകേഷമുണ്ട്.

പഴംപൊരി-ബീഫ് ആണ് കഫെയുടെ സ്റ്റാർ ഐറ്റം. ആഷിഖിന്റെ മമ്മയുടേതാണ് പഴംപൊരി -ബീഫിന്റെ കൊതിയൂറും റെസിപ്പി. മാംഗോ ഷെയ്ക്കാണ് മറ്റൊരു ആകർഷണം. പാനീയങ്ങളും, ഫ്രഞ്ച് ഫ്രൈസ്, സാൻഡ്വിച്ച് തുടങ്ങിയ ലഘുഭക്ഷണങ്ങളുമാണ് കഫെയിൽ വിളമ്പുന്നത്.

വിജയത്തിന് പിന്നിൽ

‘പൊതുവെ സഹായ മനസ്‌കരാണ് നമ്മളെല്ലാവരും. പലപ്പോഴും സമൂഹത്തിനായി എന്തെങ്കിലും ചെയ്യുക, അല്ലെങ്കിൽ സമൂഹത്തിൽ ഒരു നല്ല മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളവർ. അതുകൊണ്ട് തന്നെ നല്ല ആശയങ്ങളുമായി ഒരു വ്യക്തി മുന്നോട്ടുവന്നാൽ അതിന് നാം പിന്തുണ നൽകും. അതിന്റെ തെളിവാണ് കഫെ ഹാപ്പി കൊച്ചിയുടെ വിജയം.

എന്നാൽ ചിലർ ഭക്ഷണത്തിന് വരുന്ന വിലയിൽ നിന്നും മാറി കുറഞ്ഞ തുക നൽകുന്നവരുമുണ്ട്. പക്ഷേ ഇതെല്ലാം പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ് തങ്ങൾ ഈ ആശയം നടപ്പാക്കിയതെന്ന് ആഷിഖ് പറയുന്നു. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർക്കും കഫെ ഹാപ്പി കൊച്ചിയുടെ വാതിലുകൾ തുറന്നിരിക്കും. കഫെയിൽ നിന്നും കിട്ടുന്ന ലാഭവിഹിതം ഇത്തരക്കാർക്ക് ഭക്ഷണം നൽകാനാണ് ഉപയോഗിക്കുന്നത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top