നവോത്ഥാന സമിതിയിൽ ഭിന്നത രൂക്ഷം; പുന്നല ശ്രീകുമാറിനെതിരെ പരോക്ഷ വിമർശനവുമായി വെളളാപ്പള്ളി

ശബരിമല വിഷയത്തെച്ചൊല്ലി നവോത്ഥാന സമിതിയിലെ ഭിന്നത രൂക്ഷമായി. പുന്നല ശ്രീകുമാറിനെതിരെ പരോക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ശബരിമല വിഷയമടക്കമുള്ള കാര്യങ്ങളിൽ സമിതിയിലുള്ളവർക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് സമിതിയുടെ വേദിയിലാണ് പറയേണ്ടത്. മാധ്യമങ്ങളിലൂടെ പരസ്യമായി ഇത്തരം പ്രശ്‌നങ്ങൾ വിവാദമാക്കുന്നത് സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്നപോലെയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം ശബരിമല വിഷയം നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്നും നവോത്ഥാന സമതിയിൽ ഈ പ്രശ്‌നം ഉന്നയിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ ആവശ്യപ്പെടുമെന്നും വെള്ളാപ്പള്ളി 24 നോട് പറഞ്ഞു.
ശബരിമല യുവതീ പ്രവേശന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയാൽ നവോത്ഥാന സമിതിയിൽ നിന്ന് പുറത്ത് പോകുമെന്ന് സമിതിയുടെ കൺവീനർ കൂടിയായ പുന്നല ശ്രീകുമാർ നേരത്തെ പ്രതികരിച്ചിരുന്നു. ശബരിമല വിഷയത്തിൽ സർക്കാരിന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ഇത് തിരുത്തണമെന്ന ആവശ്യം അടുത്ത സമിതി യോഗത്തിൽ ഉന്നയിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല അടക്കമുള്ള കാര്യങ്ങളിൽ ഭിന്നതയുണ്ടെങ്കിൽ അത് സമിതിയോഗത്തിലാണ് ഉന്നയിക്കേണ്ടത്. അല്ലാതെ വിവാദങ്ങളുണ്ടാക്കി ശത്രുക്കൾക്ക് അടിക്കാനുള്ള വടി കൊടുക്കുകയല്ല വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല വിഷയത്തിൽ ചില പാളിച്ചകൾ സംഭവിച്ചതായി സിപിഐഎം സെക്രട്ടറിയേറ്റ് തന്നെ വിലയിരുത്തിയത് സ്വാഗതാർഹമാണ്. ഇനി കൂട്ടായ ചർച്ചയിലൂടെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ തിരുത്തൽ വരുത്തുകയാണ് വേണ്ടത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തത് യുഡിഎഫിനാണെന്നും ബിജെപിക്ക് ഇക്കാര്യത്തിൽ നേട്ടമുണ്ടാക്കാനായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here