സിറോ മലബാർ സഭാ വ്യാജരേഖാ കേസ്; വൈദികർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി

സിറോ മലബാർ സഭാ വ്യാജരേഖാക്കേസിൽ വൈദികർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി. മറ്റന്നാൾ മുതൽ വൈദികർ ഹാജരാകണം. ചോദ്യം ചെയ്യൽ പൂർത്തിയാകും വരെ വൈദികരുടെ അറസ്റ്റ് കോടതി തടഞ്ഞു.
സിറോമലബാർ സഭാ വ്യാജരേഖാക്കേസിൽ ഒന്നാം പ്രതി ഫാദർ പോൾ തേലക്കാട്ട് നാലാം പ്രതി ഫാ. ടോണി കല്ലൂക്കാരൻ എന്നിവരാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വൈദികർക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്നും. അറസ്റ്റ് വേണ്ടി വരുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം വൈദികർ രേഖകകൾ പുറത്ത് വിട്ടില്ലെന്നും, രേഖകളിലുള്ള ജോർജ് ആലഞ്ചേരിയെന്ന പേര് കർദ്ദിനാളിന്റെ പേര് തന്നെ ആകണമെന്ന് നിർബന്ധമില്ലെന്നും പ്രതിഭാഗം വാദിച്ചു.
മൂന്നാം പ്രതി ആദിത്യയെ കസ്റ്റഡിയിൽ പീഡിപ്പിച്ചാണ് പോലീസ് കുറ്റസമ്മത മൊഴി നൽകാൻ നിർബന്ധിച്ചത്. കേസിൽ വൈദികർ ഗൂഡാലോചന നടത്തിയതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. മുതിർന്ന അഭിഭാഷകരായ ബി രാമൻപിള്ള, ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവരാണ് പ്രതിഭാഗത്തിനായി ഹാജരായത്. അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ച് കോടതി ഇടക്കാല ഉത്തരവ് നൽകി. മറ്റന്നാൾ മുതൽ 7 ദിവസം, ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് അനുവദിച്ചു. ചോദ്യം ചെയ്യൽ 10 മണി മുതൽ നാല് മണിവരെ മാത്രമാകണമെന്ന് ഉത്തരവിൽ പറയുന്നു. അന്വേഷണ സംഘം ആവശ്യപ്പെടുന്ന പക്ഷം ഏഴ് ദിവസവും ഹാജരാകണം. അതേസമയം ചോദ്യം ചെയ്യൽ പൂർത്തിയാകും വരെ അറസ്റ്റ് തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ജൂൺ ഏഴിന് വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here