കെവിൻ വധം; പിരിച്ചുവിടൽ നോട്ടീസ് നൽകിയ എസ് ഐ ഷിബുവിനെ തിരിച്ചെടുത്തു

കെവിൻ വധക്കേസിൽ സസ്‌പെൻഷനിലായിരുന്ന എസ് ഐ ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു. ഔദ്യോഗിക കൃത്യവിലോപത്തിന് സർവീസിൽ നിന്ന് പുറത്താക്കാൻ നോട്ടീസ് നൽകിയതിന് ശേഷമാണ് തിരിച്ചെടുത്തിരിക്കുന്നത്. ഷിബുവിന്റെ വിശദീകരണം പരിശോധിച്ച ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. കെവിൻ കൊല്ലപ്പെടുമ്പോൾ കോട്ടയെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ആയിരുന്നു ഷിബു. കെവിൻ കൊല്ലപ്പെട്ട് ഇന്ന് ഒരു വർഷം തികയുമ്പോഴാണ് ഷിബു സർവീസിൽ തിരിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, കെവിൻ വധക്കേസിൽ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ കോടതി പരിശോധിച്ചു. പ്രതികൾ ഉപയോഗിച്ച വാഹനങ്ങളിൽ നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ ഉൾപ്പെടെയാണ് പരിശോധിച്ചത്. പരിശോധനകൾക്ക് നേതൃത്വം നൽകിയ ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ രണ്ട് കാറുകൾക്ക് പുറമെ ഒന്നാം പ്രതി സഞ്ചരിച്ച കാറിൽ നിന്നുമായി പതിനഞ്ച് വിരലടയാളങ്ങളാണ് ലഭിച്ചത്. ഇവ പ്രതികളായ ഷിനു, റിയാസ്, ഷാനു ഷാജഹാൻ, ഇഷാൻ എന്നിവരുടേതാണെന്ന് തുടർ പരിശോധനയിൽ സ്ഥിരീകരിച്ചതായി വിരലടയാള വിദഗ്ധനായ എസ് സുജിത് മൊഴി നൽകി.

അനീഷിനെ തട്ടിക്കൊണ്ടുപോയ കാറിന്റെ ഡ്രൈവർ സീറ്റിന് പുറകിൽ നിന്ന് രക്തകറയ്ക്ക് സമാനമായ അടയാളങ്ങൾ കണ്ടതായി ഫോറസിക് വിദഗ്ദ അനശ്വര ഐപി മൊഴി നൽകി. കൂടാതെ മൂന്ന് കാറുകളിൽ നിന്ന് ശേഖരിച്ച മുടികളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് സാധൂകരിക്കുന്ന ഫോട്ടോകളും കോടതി പരിശോധിച്ചു. ദൃശ്യങ്ങൾ പകർത്തിയ കൊല്ലത്തെ പൊലീസ് ഫോട്ടോഗ്രാഫറെയും ഇന്ന് വിസ്തരിച്ചു. കെവിൻ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടിൽ മാരാകായുധങ്ങൾ ഉപയോഗിച്ച്് അക്രമം നടത്തിയയാതി പരിശോധന നടത്തിയ ഫോറൻസിക് ഉദ്യോഗസ്ഥ മൊഴി നൽകി.

18 മെയ് 24നാണ് കോട്ടയത്ത് ബിരുദ വിദ്യാർത്ഥിനിയായ നീനു കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്റ്റർ ഓഫീസിൽവെച്ച് വിവാഹിതയായ വിവരം നീനു തന്നെയാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. പിറ്റേന്ന് നീനുവിന്റെ വീട്ടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. വീട്ടുകാർക്കൊപ്പം നീനു പോകാൻ തയ്യാറാവാത്തതിനെത്തുടർന്ന്, മെയ് 27ന് നീനുവിന്റെ സഹോദരൻ സാനുവിന്റെ നേതൃത്വത്തിൽ കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.

മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. ഇവർ കെവിനെ മർദ്ദിച്ച് അവശനാക്കി ആറ്റിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 186 സാക്ഷികളും 180 രേഖകളുമുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More