നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ബാങ്കിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ആത്മഹത്യയ്ക്ക് കാരണം കുടുംബ പ്രശ്‌നമാണെന്നും ഹർജിക്കാരൻ ആത്മഹത്യ പ്രേരണ കേസിൽ ഒന്നാം പ്രതിയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ആത്മഹത്യാ സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്വർക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഭർതൃപീഡനം എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉള്ളത്. ബാങ്ക് ഉദ്യോഗസ്ഥരുടെ കാര്യം കുറിപ്പിലില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു.
നെയ്യാറ്റിൻകര ആത്മഹത്യക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളുമാണെന്നുള്ള വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. വീട് പണിയുന്നതിനെടുത്ത ലോൺ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ജപ്തി നടപടികളിൽ വരെയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്നും സ്ഥലം വിറ്റ് ലോൺ തീർക്കാൻ ശ്രമിച്ചപ്പോൾ ഇതിനെ എതിർത്തെന്നും ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അമ്മ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും തന്റെയും മോളുടെയും മരണത്തിന് പിന്നിൽ കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണെന്നും ലേഖ കുറിപ്പിൽ വ്യക്തമാക്കുന്നു. ഫൊറൻസിക് പരിശോധനയിലാണ് കുറിപ്പ് കണ്ടെത്തിയത്.
ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെ ലേഖയുടെ ഭർത്താവ് ചന്ദ്രനെയും ബന്ധുവായ സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ആത്മഹത്യാക്കുറിപ്പിലെ കാര്യങ്ങൾ സത്യമാണെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര മഞ്ചവിളാകം ‘വൈഷ്ണവി’ യിൽ ലേഖ (42), മകൾ വൈഷ്ണവി (19) എന്നിവരാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here