തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയത് ഗുരുതര അച്ചടക്ക ലംഘനമെന്ന് റോഷി അഗസ്റ്റിൻ

കേരള കോൺഗ്രസിൽ പിടിമുറുക്കാനുള്ള പി.ജെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി ജോസ് കെ മാണി വിഭാഗം നേതാവ് റോഷി അഗസ്റ്റിൻ രംഗത്തെത്തി. പി.ജെ ജോസഫിനെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും ഇന്ന് നടന്നിട്ടുണ്ടെങ്കിൽ ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും റോഷി അഗസ്റ്റിൻ എംഎൽഎ പ്രതികരിച്ചു. പി.ജെ ജോസഫ് അങ്ങനെ ചെയ്യുമെന്ന് താൻ കരുതുന്നില്ല. പ്രായോഗികമായി അങ്ങനെ ചെയ്യാൻ കഴിയുകയുമില്ല. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ വരുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആവശ്യമാണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഗുരുതര അച്ചടക്ക ലംഘനവും ഭരണഘടനാ ലംഘനവുമാണെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
പി.ജെ ജോസഫിനാണ് പാർട്ടി ചെയർമാന്റെ ചുമതലയെന്ന് കാട്ടി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാം നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. സംസ്ഥാന കമ്മറ്റി വിളിച്ചു ചേർത്ത് അധികാരം പിടിക്കാനുള്ള ജോസ് കെ മാണി പക്ഷത്തിന്റെ നീക്കത്തിനിടെയാണ് ജോസഫിനു വേണ്ടി ജോയ് എബ്രഹാം കത്ത് നൽകിയത്.കഴിഞ്ഞ ദിവസം നിയമസഭയ്ക്കുള്ളിൽ നടത്തിയ നീക്കങ്ങളിലൂടെ മുന്നിട്ടു നിൽക്കുന്ന ജോസഫ് വിഭാഗം പാർട്ടിയിലും പിടിമുറുക്കുന്നതിന്റെ സൂചനകളാണ് പുതിയ നീക്കം.
കെ.എം മാണിയുടെ വിയോഗത്തെ തുടർന്ന് ചെയർമാൻ ചുമതല പി.ജെ ജോസഫിന് കൈമാറിയെന്ന് വ്യക്തമാക്കുന്ന കത്താണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് എബ്രഹാമാണ് കത്ത് നൽകിയതെന്ന് കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ് പറഞ്ഞു.പാർലമെന്ററി പാർട്ടിയിൽ ഭൂരിപക്ഷമുണ്ടെന്നാണ് ജോസഫിന്റെ അവകാശവാദം. താൽക്കാലിക ചെയർമാനെതിരായ നീക്കങ്ങളുണ്ടായാൽ നടപടിയെടുക്കാനുള്ള അധികാരവും ഉണ്ടെന്ന് ജോസഫ് അനുകൂലികൾ വ്യക്തമാക്കുന്നു. എന്നാൽ ജോയ് എബ്രഹാമിന്റെ കത്തിനെ കുറിച്ച് പി.ജെ ജോസഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here