ഇത് വ്യാജ പ്രസ്താവനകളുടെ കാലം; കരുതിയിരിക്കുക ഫോർവേഡ് ബട്ടൺ അമർത്തുന്നതിന് മുമ്പ്

സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളിൽ നല്ലൊരു പങ്കും വ്യാജ പ്രസ്താവനകളുടേതാണ്. വാട്ട്‌സാപ്പ്, ഫേസ്ബുക്ക് ഫോർവേഡുകളുടെ രൂപത്തിൽ വരുന്ന പല പ്രസ്താവനകളും സത്യത്തിൽ ആ വ്യക്തി നടത്തിയിട്ടുണ്ടാകില്ല. അടുത്തിടെ ഇത്തരത്തിൽ പ്രചരിച്ച ഒന്നാണ് മാധ്യമ പ്രവർത്തകൻ രവീഷ് കുമാറിന്റെ പേരിൽ പ്രചരിച്ച സന്ദേശം.

ബിജെപിയെയും ആർഎസ്എസിനെയും വിമർശിക്കുന്നത് നിർത്തണം എന്ന് മുസ്ലീംഗളോട് രവീഷ് അഭ്യർത്ഥിച്ചുവെന്ന തരത്തിലായിരുന്നു പ്രചരിച്ച വാർത്തകൾ. എന്നാൽ രവീഷ് അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ല എന്നതാണ് സത്യം.

വാട്‌സ് ആപ്പ് വഴിയായിരുന്നു പ്രധാന പ്രചാരണം നടന്നത്. എൻഡിടിവിയിലെ പ്രൈംടൈം ചർച്ചയിലൂടെ അറിയപ്പെടുന്ന രവീഷ് കുമാറിൻറെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ താൻ ഇത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രവീഷ് തന്നെ രംഗത്തെത്തി.

പലപ്പോഴും ഇത്തരം വ്യാജ പ്രസ്താവനകൾ വ്യക്തിഹത്യയിലേക്ക് വഴി തെളിക്കുമെന്നതിനാൽ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മാനനഷ്ടത്തിന് വരെ കേസ് കൊടുക്കാം. അതുകൊണ്ട് തന്നെ ഇത്തരം സന്ദേശങ്ങൾ പങ്കുവെക്കുന്നതിന് മുമ്പ് തന്നെ ഏതെങ്കിലും മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. അതുമല്ലെങ്കിൽ മിക്ക വ്യക്തികൾക്കും സ്വന്തമായി വേരിഫൈഡ് അക്കൗണ്ട് ഉണ്ടാകും. അവിടെ ഇത്തരത്തിലൊരു പ്രസ്താവന വന്നിട്ടുണ്ടോ എന്നും പരിശോധിച്ച് ഉറപ്പ് വരുത്താം.

വ്യാജവാർത്തകളെ എങ്ങനെ ചെറുക്കാം ? വ്യാജ വാർത്തകൾ സമൂഹത്തിലുണ്ടാക്കുന്ന മോശം മാറ്റങ്ങൾ, തുടങ്ങി വ്യാജന്മാരാൽ നിറഞ്ഞ ഈ ലോകത്തെ പിടിച്ചുലയ്ക്കുന്ന പൊള്ളത്തരങ്ങൾക്കെതിരെ ട്വന്റിഫോർ ഡോട്ട് കോം നടത്തുന്ന ഒരു പോരാട്ടം….സ്റ്റാൻഡ് അപ്പ് ഫോർ ദി ട്രൂത്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top