Advertisement

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനായി സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നാരംഭിക്കും

May 30, 2019
Google News 0 minutes Read

തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താനായി സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്നാരംഭിക്കും. ഇന്ന് സെക്രട്ടറിയേറ്റ് യോഗവും തുടർന്നുള്ള രണ്ട് ദിവസം സംസ്ഥാന കമ്മിറ്റിയും ചേരും. തെരഞ്ഞടുപ്പിലുണ്ടായ കനത്ത തോൽവി സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗം തയ്യാറാക്കും. ശബരിമല തെരഞ്ഞെടുപ്പിനെ ബാധിച്ചോ എന്നതടക്കം സംസ്ഥാന നേതൃയോഗങ്ങൾ വിശദമായി വിലയിരുത്തും.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി താൽക്കാലികമാണെന്ന് പുറമേ പറയുമ്പോഴും പാർട്ടി കേന്ദ്രങ്ങളിലടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കാനുള്ള തീരുമാനത്തിലാണ് സി പി എം നേതൃത്വം. ശബരിമല തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും, വിശ്വാസികളിൽ ഒരു വിഭാഗം തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി നേതൃത്വം സമ്മതിക്കുന്നുണ്ട്. പരന്പരാഗതമായി പാർട്ടിക്ക് ലഭിച്ചു കൊണ്ടിരുന്ന വോട്ടുകൾ പോലും ചോർന്നതിൻറെ കാരണം ശബരിമലയാണോയെന്നും നേതൃത്വം വിശദമായി പരിശോധിക്കും. ഇതിനായി ബൂത്ത്തലം മുതലുള്ള റിപ്പോർട്ട് സംസ്ഥന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പരിശോധിച്ചാവും വോട്ട് ചോർച്ചയുടെ യഥാർത്ഥ കാരണങ്ങൾ പാർട്ടി വിലയിരുത്തുക. ഇതിന് ശേഷമായിരിക്കും തുടർനടപടികളെക്കുറിച്ച് പാർട്ടി ആലോചിക്കുക. സംസ്ഥാനകമ്മിറ്റിയിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ടിൽ ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സെക്രട്ടറിയേറ്റ് ഉൾപ്പെടുത്തും. പാർട്ടി സ്ഥാനാർഥികളിൽ പലരും സംസ്ഥാനസമിതി അംഗങ്ങളായതിനാൽ വിശദമായ ചർച്ച കമ്മിറ്റിയിൽ നടന്നേക്കും. ശബരിമല തങ്ങളുടെ പരാജയത്തിന് കാരണമായോ ഇല്ലയോ എന്നത് സ്ഥാനാർത്ഥികൾ തന്നെ വിശദീകരിച്ചേക്കും. ഈ ചർച്ചകളുടെയെല്ലാം അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റിപ്പോർട്ട് ആകും സംസ്ഥാനകമ്മിറ്റി കേന്ദ്രകമ്മിറ്റിക്ക് സമർപ്പിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here