ലോകം ഉറ്റുനോക്കുന്ന മൂന്ന് ഉച്ചകോടികൾ ഇന്ന് മക്കയിൽ

ലോകം ഉറ്റുനോക്കുന്ന മൂന്ന് ഉച്ചകോടികൾ ഇന്ന് മക്കയിൽ ആരംഭിക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ അറബ് നേതാക്കൾ മക്കയിൽ എത്തിത്തുടങ്ങി. ഉപരോധം നിലനിൽക്കുന്നുണ്ടെങ്കിലും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ഖത്തർ അറിയിച്ചു.
ഇന്ന് ആരംഭിക്കുന്ന അറബ്, ഇസ്ലാമിക, ഗൾഫ് ഉച്ചകോടികളിൽ പങ്കെടുക്കാനായി ലോക നേതാക്കൾ മക്കയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. യമൻ, ലെബനോൻ, ജിബൂത്തി, ഗിനി, മൌറിത്താനിയ, സോമാലിയ, ഫലസ്തീൻ, മാൽദീവ്, കൊമോറോസ്, തുടങ്ങിയ രാഷ്ട്രനേതാക്കൾ കഴിഞ്ഞ ദിവസം സൗദിയിൽ എത്തി. ഇന്തോനേഷ്യ, മൊറോക്കോ, തുനീഷ്യ, ലിബിയ, തുർക്കി, ടോഗോ, ഐവറി കോസ്റ്റ്, സെനഗൽ, മലേഷ്യ, ചാഡ്, ബ്രൂണെ തുടങ്ങിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും കഴിഞ്ഞ ദിവസം എത്തി.
കഴിഞ്ഞ രണ്ട് വർഷമായി സൗദി ഉൾപ്പെടെ നാല് രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഖത്തറിൽ നിന്ന് പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ നാസർ അൽതാനി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഖത്തറുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതിന്റെ സൂചനയായി രാഷ്ട്രീയ നിരീക്ഷകർ ഇതിനെ നോക്കിക്കാണുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷ സാധ്യത വർധിച്ച സാഹചര്യത്തിലാണ് മക്ക ഉച്ചകോടി നടക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here