മോദിയെ പിന്തള്ളി ട്വിറ്റർ ട്രെൻഡിംഗിൽ ഒന്നാമതെത്തിയ നേസമണി ആരാണ്?; നേസമണിക്ക് ലാസർ എളേപ്പനുമായി എന്താണ് ബന്ധം

കഴിഞ്ഞ ദിവസങ്ങളിൽ ട്വിറ്ററിലെ ചർച്ച നേസമണിയെയും അയാളുടെ മരണത്തെയും പറ്റിയായിരുന്നു. നേസമണി എന്ന പേരു കേട്ട് ആള് ചില്ലറക്കാരനാണെന്നൊന്നും കരുതണ്ട. തമിഴ്നാടും ഇന്ത്യയും കടന്ന് നേസമണി ആഗോള തലത്തിലാണ് ചർച്ചയായത്. ബിബിസി നേസമണിയെപ്പറ്റി ഒരു ആർട്ടിക്കിൾ പോലും എഴുതി.
ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഈ വസ്തുവിന് നിങ്ങളുടെ നാട്ടില്‍ എന്ത് പേര് പറയും എന്ന ചോദ്യം ചോദിച്ച ഒരു പാക്കിസ്ഥാനി ട്രോൾ പേജാണ് നേസമണി ഇപ്പോൾ ചർച്ചയാവാൻ കാരണം. ചോദ്യത്തിന് രസകരമായൊരു മറുപടിയുമായി ഒരു തമിഴ്‌നാട്ടുകാരന്‍ എത്തി. ഈ ഉപകരണം തലയില്‍ വീണാണ് ഞങ്ങളുടെ പ്രിയപ്പെട്ട കോണ്‍ട്രാക്ടര്‍ നേസമണി ചിറ്റപ്പന്‍ ഗുരുതരാവസ്ഥയിലായത്. സഹായിയുടെ കൈയ്യില്‍ നിന്നും തെന്നിവീണ ചുറ്റിക കൊണ്ട് അപകടം സംഭവിക്കുകയായിരുന്നു എന്നായിരുന്നു അയാളുടെ മറുപടി. സംഗതിയുടെ കിടപ്പുവശം മനസ്സിലാകാത്ത പാക്കിസ്ഥാന്‍കാര്‍ ഇപ്പോള്‍ അയാള്‍ക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രേ ഫോര്‍ നേസാമണി ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയത്. നരേന്ദ്ര മോദിയെ പോലും പിന്തളളിയാണ് വടിവേലുവിന്റെ നേസാമണി ട്വിറ്ററില്‍ ഒന്നാമതെത്തിയത്.
ശരിക്കും ഈ നേസമണിക്ക് നമ്മൾ മലയാളികളുമായി ബന്ധമുണ്ട്. വ്യക്തമായി പറയാം. ശ്രീനിവാസനും മുകേഷും ജയറാമും തകർത്തഭിനയിച്ച പടമില്ലേ ഫ്രണ്ട്സ്? ആ സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ പേര് ഓർമ്മയുണ്ടോ? അതെ, ലാസർ എളേപ്പൻ. ഈ ലാസർ എളേപ്പൻ തന്നെയാണ് നേസമണി. മലയാളത്തിലെ ലാസർ എളേപ്പൻ തമിഴിൽ ആയപ്പോൾ നേസമണി ആയി. ജഗതിക്കു പകരം വടിവേലുവും. സിനിമയുടെ പേര് ഫ്രണ്ട്സ് എന്നു തന്നെയാണ്. ഇപ്പോ കാര്യം പിടികിട്ടിയില്ലേ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here