ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്‍ രാജ്യത്തെ അഞ്ച് ഉദ്യോഗസ്ഥരെ വകവരുത്തിയതായി പത്ര റിപ്പോര്‍ട്ട്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്‍ രാജ്യത്തെ അഞ്ച് ഉദ്യോഗസ്ഥരെ വകവരുത്തിയതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ പ്രത്യേക സ്ഥാനപതി കിം ഹ്യോക് ചോലി ഉള്‍പ്പടെയുള്ളവരാണ് വധശിക്ഷക്ക് വിധേയരായത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച്ച പരാജയപ്പെട്ടതിന്റെ പ്രതികാരമായാണ് കിമ്മിന്റെ നടപടി.
ദക്ഷിണകൊറിയന്‍ ദിനപത്രമായ ചോസുന്‍ ലിബോയാണ് വെള്ളിയാഴ്ച്ച അഞ്ച് ഉദ്യോഗസ്ഥരെ വകവരുത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കിം ജോങ്ങ് ഉന്നിന്റെ ഫയറിംഗ് സ്‌ക്വാഡാണ് വധശിക്ഷ നടപ്പാക്കിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഡോണള്‍ഡ് ട്രംപുമായുള്ള രണ്ടാം ഉച്ചകോടി പരാജയപ്പെട്ടതിന്റെ പ്രതികാര നടപടിയാണിതെന്നും ചോസുന്‍ ലിബോ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വധശിക്ഷക്ക് വിധിച്ച അമേരിക്കയിലെ പ്രത്യേക സ്ഥാനപതി കിം ഹ്യോക് ചോലി ഹാനോയ് ഉച്ചകോടിയുടെ ഒരുക്കങ്ങളുമായി കിമ്മിനൊപ്പം സജീവമായിരുന്നു. പത്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തിന്റെ പരമോന്നത നേതാവിനെ വഞ്ചിച്ചു എന്ന കുറ്റമാണ് വധശിക്ഷക്ക് കാരണമായത്. വിശദമായ അന്വേഷണത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ശിക്ഷ നടപ്പിലാക്കിയതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
മിറിം വിമാനത്താവളത്തില്‍ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. എന്നാല്‍ കിം ഹ്യോക് ചോലിനൊപ്പം കൊലചെയ്യപ്പെട്ട മറ്റു നാല് ഉദ്യോഗസ്ഥരുടെയും പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. നാല് പേരും വിദേശകാര്യ ഉദ്യോഗസ്ഥരാണ് എന്ന വിവരം മാത്രമേ പത്രം പുറത്തു വിട്ടിട്ടുള്ളൂ. അതിനിടെ, ഹാനോയ് ഉച്ചകോടിക്കിടെ പരിഭാഷയില്‍ സംഭവിച്ച തെറ്റിന്റെ പേരില്‍ കിമ്മിന്റെ ദ്വിഭാഷി ഷിന്‍ ഹെ യോങ്ങിനെ ജയിലിലടച്ചതായും വിവരമുണ്ട്. കരാറിനില്ലെന്നു ട്രംപ് അറിയിച്ചപ്പോള്‍ കിമ്മിന്റെ പുതിയ നിര്‍ദേശം പരിഭാഷപ്പെടുത്താന്‍ അവര്‍ക്കു സാധിച്ചില്ലെന്ന കുറ്റത്തിനാണ് യോങ്ങിനെ ജയിലിലടച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here