സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി; ജൂൺ ഏഴിന് വയനാട്ടിൽ എത്തും

വയനാട്ടിൽ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറയാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തുന്നു. ജൂൺ ഏഴ്, എട്ട് തീയതികളിൽ വയനാട്ടിൽ എത്തുമെന്ന് രാഹുൽ ട്വിറ്ററിലൂടെ അറിയിച്ചു.
വയനാട് നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദി അർപ്പിക്കുവാൻ കോൺഗ്രസ്സ് അധ്യക്ഷനും വയനാട് നിയോജകമണ്ഡലം നിയുക്ത എം.പിയുമായ ശ്രീ രാഹുൽ ഗാന്ധി ജൂൺ 7, 8 തീയതികളിൽ വയനാടിലെത്തുന്നു.
— Rahul Gandhi – Wayanad (@RGWayanadOffice) May 31, 2019
തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കാനൊരുങ്ങുന്ന രാഹുൽ ഡൽഹി വിട്ട് പുറത്തുപോയിട്ടില്ല. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് രാഹുൽ വയനാട് സന്ദർശിക്കാൻ എത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധിയുടെ തിരുനെല്ലി സന്ദർശനവും പ്രസംഗങ്ങളുമെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.
അതിനിടെ വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. വയനാട്ടിലെ പനമരം പഞ്ചായത്തിൽ വി ദിനേഷ് കുമാർ എന്ന കർഷകർ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് രാഹുൽ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി താൻ ഫോണിൽ സംസാരിച്ചുവെന്നും, വായ്പ തിരച്ചടക്കാൻ കഴിയാത്തത് മൂലമുണ്ടായ സമ്മർദ്ദവും വിഷമവും അതി ജീവിക്കാൻ കഴിയാതെയാണ് ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് അവർ പറഞ്ഞതായും രാഹുൽ ഗാന്ധി കത്തിൽ സൂചിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here