മന്ത്രിപദവി പാർട്ടി ഏൽപ്പിച്ച പുതിയൊരു ചുമതലയായി മാത്രമേ കാണുന്നുള്ളുവെന്ന് വി മുരളീധരൻ

മന്ത്രിപദവി പാർട്ടി ഏൽപിച്ച പുതിയൊരു ചുമതലയായി മാത്രമെ കാണുന്നുള്ളുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം പിമാരില്ലാത്തതിനാൽ മന്ത്രിസ്ഥാനം അവകാശപെടൻ കേരളത്തിനു അർഹതിയില്ലെന്നാണ് സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിളള പറഞ്ഞത്. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെയുളള ജനവികാരത്തിൽ ജയസാധ്യതയുള്ള പാർട്ടിക്ക് വോട്ട് ചെയ്യുകയാണ് കേരളത്തിലെ ജനങ്ങൾ ചെയ്തതെന്നും വി മുരളീധരൻ ട്വൻറിഫോറിനോട് പറഞ്ഞു.
കേന്ദ്രമന്ത്രിമാരുടെ സാധ്യതാ പട്ടികയിൽ കേരളത്തിൽ നിന്നും വി മുരളീധരനൊപ്പം കുമ്മനം രാജശേഖരനും അൽഫോൺസ് കണ്ണന്താനവും ഉൾപ്പെട്ടിരുന്നു. എന്നാൽ ആർഎസ്എസ് സഹസർകാര്യവാഹ് ദത്താത്രേയ ഹൊസബലേയുടെ പിൻബലത്തോടെ വി മുരളീധരൻ സ്ഥാനമുറപ്പിക്കുകയായിരുന്നു. ഇതോടെ കുമ്മനവും കണ്ണന്താനവും പുറത്തായി. മന്ത്രിസ്ഥാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുരളീധരൻ ഇന്നലെ പ്രതികരിച്ചിരുന്നു.
എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വി മുരളീധരൻ പിന്നീട് ബിജെപി ചുമതലകളിലേക്കെത്തുകയായിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുള്ള മുരളീധരൻ നിലവിൽ ബിജെപി ദേശീയ നിർവാഹക സമിതി അംഗമാണ്. കുറേക്കാലം ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. നെഹ്‌റു യുവകേന്ദ്ര ചെയർമാനായും പ്രവർത്തിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാംഗമാണ്. തലശ്ശേരി എരഞ്ഞോളിയാണ് വി മുരളീധരന്റെ ജൻമദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here