പതിനാലാമത് ഇസ്ലാമിക ഉച്ചകോടി സമാപിച്ചു; ഇതോടെ മക്കയില്‍ നടന്ന മൂന്നു ഉച്ചകോടികള്‍ക്കും സമാപനമായി

പതിനാലാമത് ഇസ്ലാമിക ഉച്ചകോടി സമാപിച്ചു. ഇതോടെ മക്കയില്‍ നടന്ന മൂന്നു ഉച്ചകോടികള്‍ക്കും സമാപനമായി. ഭീകരവാദത്തിനെതിരെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത ഇസ്ലാമിക ഉച്ചകോടി ഇറാന്റെ പിന്തുണയോടെ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി അപലപിച്ചു.
ഒ.ഐ.സി രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടണമെന്ന ആഹ്വാനത്തോടെയാണ് പതിനാലാമത് ഇസ്ലാമിക ഉച്ചകോടി മക്കയില്‍ സമാപിച്ചത്. സൗദി ഭരണാധികാരി സല്മാന് രാജാവ് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ജി.സി.സി അറബ് ഉച്ചകോടികള്‍ ആഹ്വാനം ചെയ്ത പോലെ ഇറാന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് ഇസ്ലാമിക ഉച്ചകോടിയും ആവശ്യപ്പെട്ടു.
ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച ഉച്ചകോടി യമനിലെ ഹൂതി
ഭീകരവാദികള്‍ മക്ക ഉള്‍പ്പെടെയുള്ള പുണ്യസ്ഥലങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നതിനെയും അപലപിച്ചു. ഒ.ഐ.സി അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ സന്ദര്‍ഭത്തിലാണ് പതിനാലാമത് ഉച്ചകോടി നടന്നത്. ഭാവിക്ക് വേണ്ടി കൈകോര്‍ക്കുക എന്ന ശീര്‍ഷകത്തില്‍ മക്കയിലെ അല്‍ സഫ കൊട്ടാരത്തില്‍ നടന്ന ഉച്ചകോടി ഇന്ന് പുലര്‍ച്ചെവരെ നീണ്ടു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പാശ്ചാതലത്തില്‍ വിളിച്ചു ചേര്‍ത്ത മൂന്നു ഉച്ചകോടികളും ഇതോടെ സമാപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here