കവർ അയ്യനും പ്രൊഫൈൽ കാളിയും; സൈബർ ആക്രമണങ്ങളെ എതിരിടാൻ വിനായകന്റെ ‘പികെ’ തന്ത്രം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടൻ വിനായകനെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങൽ നടക്കുകയാണ്. ബിജെപിക്കെതിരെ തൻ്റെ രാഷ്ട്രീയ നിലപാടറിയിച്ച വിനായകൻ്റെ ഫേസ്ബുക്ക് പേജിലാണ് സൈബർ ആക്രമണങ്ങൾ നടന്നത്. എന്നാൽ ഇപ്പോൾ അതിനെ നേരിടാൻ ഒരു പൊടിക്കൈ പ്രയോഗിച്ചിരിക്കുകയാണ് വിനായകൻ.
തൻ്റെ ഫേസ്ബുക്ക് പേജിൻ്റെ പ്രൊഫൈൽ പിക്ചർ ഭദ്രകാളിയുടെ ചിത്രമാക്കിയ വിനായകൻ കവർ ഫോട്ടോയായി അയ്യപ്പനെയും തിരഞ്ഞെടുത്തു. ആമിർ ഖാൻ കേന്ദ്ര കഥാപാത്രമായി 2014ൽ പുറത്തിറങ്ങിയ ‘പികെ’ എന്ന സിനിമയിൽ പികെ സ്വീകരിക്കുന്ന തന്ത്രത്തിനു തുല്യമാണ് വിനായകനും തിരഞ്ഞെടുത്തിരിക്കുന്നത്. മതത്തെ ചോദ്യം ചെയ്യുന്ന പികെയെ ആദ്യമൊക്കെ ആളുകൾ മർദ്ദിക്കുമായിരുന്നു. എന്നാൽ പിന്നീട് പികെ ഒരു തന്ത്രം പ്രയോഗിച്ചു. തൻ്റെ രണ്ടു കവിളിലും ദൈവങ്ങളുടെ ചിത്രം പതിപ്പിച്ചു. പിന്നീട് മത വിമർശനം നടത്തുമ്പോൾ മർദ്ദിക്കാൻ കയ്യോങ്ങുന്ന ആളുകൾ ഈ ചിത്രം കാണുന്നതോടെ മർദ്ദനത്തിൽ നിന്ന് പിൻവാങ്ങുമായിരുന്നു. ഇങ്ങനെയാണ് പികെ മർദ്ദനത്തിൽ നിന്നു രക്ഷപ്പെട്ടത്.
വിനായകൻ്റെ ഈ തന്ത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അയ്യനും കാളിയും ചേർത്ത് അയ്യങ്കാളിയെ തൻ്റെ രക്ഷയ്ക്കായി നിയോഗിച്ചിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
തെരഞ്ഞെടപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനായകൻ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. കേരളത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കേരളത്തിലെ ജനങ്ങൾ ഇതേക്കുറിച്ച് തീർച്ചയായും ചിന്തിക്കണമെന്നും വിനായകൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബിജെപിയുടേയും സംഘപരിവാറിന്റേയും അജണ്ട കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബിജെപിക്കും ആർഎസ്എസിനും കേരളത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും നമ്മളൊക്കെ മിടുക്കന്മാരാണെന്നും അതാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വിനായകൻ പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനായി കളത്തിൽ ഇറങ്ങില്ല, പക്ഷേ എപ്പോഴും കമ്മ്യൂണിസ്റ്റായിരിക്കുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്നായിരുന്നു സൈബർ ആക്രമണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here