ഇംഗ്ലണ്ടിനു ബാറ്റിംഗ് തകർച്ച; നാലു വിക്കറ്റുകൾ നഷ്ടം

ലോകകപ്പിലെ ആറാം മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. നാലു വിക്കറ്റുകളാണ് ഇതുവരെ ഇംഗ്ലണ്ടിനു നഷ്ടമായത്. കൃത്യതയോടെ പന്തെറിഞ്ഞ പാക്കിസ്ഥാൻ ബൗളർമാർ കേളി കേട്ട ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ പിടിച്ചു നിർത്തുകയായിരുന്നു.
തകർച്ചയോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയുടെ സ്പിന്നറെ വെച്ച് ബൗളിംഗ് ഓപ്പൺ ചെയ്യിക്കാനുള്ള തന്ത്രം തന്നെ പിന്തുടർന്ന പാക്കിസ്ഥാന് മൂന്നാം ഓവറിൽ തന്നെ ആദ്യ ബ്രേക്ക്‌ത്രൂ ലഭിച്ചു. 8 റൺസെടുത്ത ജേസൻ റോയിയെ വിക്കറ്റിനു മുന്നിൽ കുരുക്കി ഷദാബ് ഖാൻ ഇംഗ്ലണ്ടിൻ്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കുമ്പോൾ സ്കോർ ബോർഡിൽ 12 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്.
തുടർന്ന് ക്രീസിലെത്തിയ ജോ റൂട്ട് ജോണി ബാരിസ്റ്റോയുമായിച്ചേർന്ന് രണ്ടാം വിക്കറ്റിൽ 48 റൺസ് കൂട്ടിച്ചേർത്തു. ഒൻപതാം ഓവറിൽ 32 റൺസെടുത്ത ബാരിസ്റ്റോയെ വിക്കറ്റ് കീപ്പർ സർഫറാസിൻ്റെ കൈകളിലെത്തിച്ച വഹാബ് റിയാസ് പാക്കിസ്ഥാന് രണ്ടാം ബ്രേക്ക് ത്രൂ സമ്മാനിച്ചു. ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ഓയിൻ മോർഗനും ഏറെ ആയുസുണ്ടായില്ല. ഒൻപത് റൺസെടുത്ത മോർഗനെ 15ആം ഓവറിൽ മുഹമ്മദ് ഹഫീസ് ക്ലീൻ ബൗൾഡ് ആക്കുമ്പോൾ ഇംഗ്ലണ്ട് സ്കോർ ബോർഡിൽ 86 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്.
ഇതിനിടെ 9 റൺസെടുത്തു നിൽക്കെ ബാബർ അസമിൽ നിന്നും ജീവൻ ലഭിച്ച ജോ റൂട്ട് 47 പന്തുകളിൽ തൻ്റെ അർദ്ധ സെഞ്ചുറി കുറിച്ചു. നാലാം വിക്കറ്റിൽ ബെൻ സ്റ്റോക്സുമായിച്ചേർന്ന് ജോ റൂട്ട് ഇംഗ്ലണ്ട് ഇന്നിംഗ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും 22ആം ഓവറിൽ ഷൊഐബ് മാലിക്ക് ആ കൂട്ടുകെട്ട് തകർത്തു. 13 റൺസെടുത്ത സ്റ്റോക്സിനെ വിക്കറ്റ് കീപ്പർ സർഫറാസിൻ്റെ കൈകളിലെത്തിച്ച ഷൊഐബ് മത്സരത്തിലെ തൻ്റെ ആദ്യ വിക്കറ്റാണ് സ്വന്തമാക്കിയത്.
ഒടുവിൽ വിവരം കിട്ടുമ്പോൾ ഇംഗ്ലണ്ട് 24 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 133 റൺസിലെത്തിയിട്ടുണ്ട്. 60 റൺസുമായി ജോ റൂട്ടും 9 റൺസുമായി ജോസ് ബട്‌ലറുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here