നിപ വൈറസ്; മുൻ കരുതൽ, രോഗ ലക്ഷണം, ചികിത്സ, തുടങ്ങി അറിയേണ്ടതെല്ലാം

nipah virus

സംസ്ഥാനത്തെ ഒന്നടങ്കം ആശങ്കയിലാക്കി പടർന്നു പിടിക്കുന്ന നിപ വൈറസിൽ ഇതുവരെ മരിച്ചത് 10 പേർ. എന്നാൽ എങ്ങനെയാണ് ഈ വൈറസ് പരക്കുന്നത്, എന്തെല്ലാം മുൻകരുതൽ എടുക്കണം, എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ എന്നിവ എന്താണെന്ന് അധികമാർക്കും അറിയില്ല. അതിലേക്ക് കടക്കുന്നതിന് മുമ്പ് ആദ്യം നിപ്പ് വൈറസ് എന്താണെന്ന് നോക്കാം.

നിപ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ ഒരു ആർഎൻഎ വൈറസ് ആണ് നിപ വൈറസ്. മലേഷ്യയിലെ കമ്പുങ്ങ് ഭാരുസംഗായി നിപ എന്ന പ്രദേശത്തെ ഒരു രോഗിയിൽ നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് നിപ വൈറസ് എന്ന പേര് നൽകി. പാരാമിക്‌സോവൈറിഡേ ഫാമിലിയിലെ അംഗമാണ് നിപാ വൈറസ്. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ്, രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു.

തുടക്കം

nipah virus

1998 ലാണ് ലോക ആരോഗ്യ സംഘടന ഈ വൈറസിനെ തിരിച്ചറിയുന്നത്. മലേഷ്യയിലും സിംഗപ്പൂരിലുമായിരുന്നു ഇതിനെ കണ്ടെത്തിയത്. ആദ്യം പന്നികളിലൂടെയാണ് ഇത് മനുഷ്യരിലേക്ക് എത്തിയത്. അന്ന് 265 ഓളം ആളുകളിൽ വൈറസ് ബാധയുണ്ടായി. ഫ്രൂട്ട് വവ്വാലുകളും നിപ വൈറസ് പരത്തുമെന്ന് ലോകാര്യോക സംഘടന പറയുന്നു.

എങ്ങനെയാണ് വൈറസ് പരക്കുന്നത് ?

നിപ വൈറസ് വായുവിലൂടെ പരക്കില്ലെന്ന് വിദഗ്ധർ പറയുന്നു. വൈറസ് ബാധിച്ച പക്ഷി-മൃഗാദികൾ, മനുഷ്യർ എന്നിവരിൽ നിന്നുമാണ് മറ്റു മനുഷ്യരിലേക്ക് രോഗം പകരുകയുള്ളു. ഫ്രൂട്ട് വവ്വാലുകൾ കടിച്ച പഴം കഴിക്കുന്നതിലൂടെയും രോഗം പകരും.

രോഗ ലക്ഷണം

nipah virus

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻക്യൂബേഷൻ പിരീഡ്. വൈറസ് അകത്ത് പ്രവേശിച്ച് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങാൻ ഇത്രയും സമയം വേണം. തലവേദന, പനി, തലകറക്കം, ഛർദ്ദി തുടങ്ങിയവയാണ് നിപയുടെ പ്രധാന ലക്ഷണങ്ങൾ. ഏഴ് മുതൽ പത്ത് ദിവസം വരെ ലക്ഷണങ്ങൾ കാണപ്പെടാം.

രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നുരണ്ട് ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

ആദ്യ ലക്ഷണങ്ങൾ

തലവേദന
പനി
തലകറക്കം
ബോധക്ഷയം

ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം

പ്രതിരോധവും ചികിത്സയും

ഇതുവരെ നിപ വൈറസിനെ ചെറുക്കാൻ പ്രതിരോധ കുത്തിവെപ്പൊന്നും കണ്ടുപിടിച്ചിട്ടില്ല.

മുൻകരുതൽ

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ലാത്തതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീർ എന്നിവയിലൂടെ വൈറസ് പകർച്ച ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. വവ്വാലുകൾ കടിച്ച കായ്ഫലങ്ങൾ ഒഴിവാക്കുക. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്നും തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

everything you need to know about nipah virus

വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നവർ കൈയ്യുറയും മാസ്‌ക്കും ധരിക്കണം. കൈ സോപ്പ് ഉപയോഗിച്ച് ഇടവെട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങളും പ്രത്യേകം സൂക്ഷിക്കണം.

വൈറസ് ബാധിച്ച വ്യക്തി മരിച്ചാൽ മുഖത്തു ചുംബിക്കുക, കവിളിൽ തൊടുക എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് കുളിപ്പിക്കുന്നവർ മുഖം മറയ്ക്കണം. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ അണു നശീകരണം നടത്തണം.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More