കഴുകാതെ ആഴ്ചകളോളം ധരിക്കാൻ കഴിയുന്ന അടിവസ്ത്രവുമായി ഒരു സ്റ്റാർട്ടപ്പ്

കഴുകാതെ ആഴ്ചകളോളം ധരിക്കാൻ കഴിയുന്ന അടിവസ്ത്രവുമായി ഒരു സ്റ്റാർട്ടപ്പ് കമ്പനി. ഓർഗാനിക് ബേസിക്സ് എന്ന ഡെൻമാർക്ക് കമ്പനിയാണ് മടിയന്മാർക്കുള്ള ആശയവുമായി രംഗത്തു വന്നിരിക്കുന്നത്. ഇതിനകം കമ്പനി അടിവസ്ത്രങ്ങളുടെ വില്പനയും തുടങ്ങിയിട്ടുണ്ട്.
സ്കാൻഡിനേവിയയിൽ നടന്ന ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിനു ശേഷം 2017ലാണ് കമ്പനി ഈ ആശയം മുന്നോട്ടു വെക്കുന്നത്. കൗതുകം നിറഞ്ഞ ഈ ആശയത്തിനു പിന്നാലെ കമ്പനി നിർമ്മാണവും വില്പനയും തുടങ്ങി. ഈ അടിവസ്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന സുപ്രധാന ഘടകം വെള്ളിയാണെന്ന് കമ്പനി അവകാശപ്പെടുന്നു. ബഹിരാകാശ യാത്രികർ കുടിക്കുന്നതിനുള്ള വെള്ളം ശുദ്ധിയാക്കാൻ നാസ വെള്ളി ഉപയോഗിക്കുന്നതിനു പിന്നിൽ ഇതാണെന്നും കമ്പനി പറയുന്നു.
വില കൂടിയ അടിവസ്ത്രം വാങ്ങി കുറച്ചു നാൾ ഉപയോഗിച്ച് വലിച്ചെറിയുന്നതു വഴി പ്രകൃതിയിലുണ്ടാവുന്ന മലിനീകരണം വളരെ വലുതാണെന്നും അത് തടയിടാനാണ് കമ്പനി ഇത്തരം ഒരു ആശയം അവതരിപ്പിച്ചതെന്നും സിഇഒ പറയുന്നു. ഈ അടിവസ്ത്രം സ്വയം ശുദ്ധീകരിക്കപ്പെടുമെന്നും 99.9 ശതമാനം അഴുക്കുകളും ശുദ്ധീകരിക്കപ്പെടുമെന്നും കമ്പനി അവകാശപ്പെടുന്നു. സ്വയം ബാക്ടീരിയകളെ കൊല്ലുന്നതിനോടൊപ്പം ഇത് ദുർഗന്ധം മാറ്റുമെന്നും കമ്പനി പറയുന്നു.
2017ൽ തുടങ്ങിയ ഈ ആശയം അല്പം കൂടി നവീകരിച്ച തരത്തിലാണ് ഇപ്പോൾ ഉള്ളത്. സിൽവർ ടെക് 2.0 എന്ന് പേരിട്ടിരിക്കുന്ന രണ്ടാം വരവിൽ 100 ശതമാനം റീസൈക്കിൾഡ് പദാർത്ഥങ്ങൾ കൊണ്ടാണ് അടിവസ്ത്രങ്ങളുടെ നിർമ്മാണം. ഇതിനൊപ്പം നൂതനമായ തയ്യൽ രീതി ഉപയോഗിക്കുക വഴി അടിവസ്ത്രങ്ങൾ ഒരുപാട് കാലം നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.
അടിവസ്ത്രം വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here