ഗായകർക്ക് വേദിയിൽ വെള്ളം നൽകി;ക്ഷുഭിതനായി ഇളയരാജ; കാലിൽ വീണ് മാപ്പപേക്ഷിച്ച് സുരക്ഷാ ഉദ്യോഗസ്ഥൻ; വീഡിയോ
തന്റെ എഴുപത്തിയാറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സംഗീത പരിപാടിക്കിടെ സുരക്ഷാ ജീവനക്കാരനോട് ക്ഷോഭിച്ച് ഇളയരാജ. പരിപാടിക്കിടയിൽ വേദിയിലുണ്ടായിരുന്ന ഗായകർക്ക് വെള്ളം എത്തിച്ചു നൽകിയതിനാണ് സുരക്ഷാ ഉദ്യോഗസ്ഥനോട് ഇളയരാജ ക്ഷുഭിതനായത്. എസ് പി ബാലസുബ്രഹ്മണ്യം, യേശുദാസ്, മനോ ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കുമ്പോഴായിരുന്നു സംഭവം. മാപ്പ് പറഞ്ഞ് ഒടുവിൽ കാലിൽ വീഴുകയാണ് സുരക്ഷാ ഉദ്യോഗസ്ഥൻ ചെയ്തത്.
ഗായകർ ഉൾപ്പെടെയുള്ളവർക്ക് വെള്ളം നൽകിയ ശേഷം വേദി വിട്ടറിങ്ങിയ ഉദ്യോഗസ്ഥനെ തിരികെ വിളിച്ചാണ് ഇളയരാജ ശകാരിച്ചത്. പരിപാടി നടക്കുന്നതിനിടയിൽ എന്തിന് വേദിയിൽ കയറിയെന്നും ആര് പറഞ്ഞിട്ടാണ് വെള്ളമെത്തിച്ചതെന്നും ചോദിച്ചായിരുന്നു ഇളയരാജയുടെ ശകാരം. ദാഹിക്കുന്നുവെന്ന് ആർട്ടിസ്റ്റുകൾ അറിയിച്ചതുകൊണ്ടാണ് വെള്ളം എത്തിച്ചതെന്നും അത് തന്റെ ജോലിയുടെ ഭാഗമാണെന്നും ഉദ്യോഗസ്ഥൻ വേദിയിൽവെച്ചു തന്നെ മറുപടി നൽകി.
എന്നാൽ ഉദ്യോഗസ്ഥന്റെ മറുപടിയിൽ ഇളയരാജ തൃപ്തനായില്ല. തുടർന്ന് ഉദ്യോഗസ്ഥൻ ഇളയരാജയുടെ കാലിൽ വീഴുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇളയരാജക്കെതിരെ ഇതിനോടകം വിമർശനം ഉയർന്നിട്ടുണ്ട്.
https://www.youtube.com/watch?v=N4SiKoUX7bk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here