Advertisement

ഓസീസ് തിരിച്ചടിക്കുന്നു; വിൻഡീസിന് നാലു വിക്കറ്റുകൾ നഷ്ടം

June 6, 2019
Google News 1 minute Read

ലോകകപ്പിലെ പത്താം മത്സരത്തിൽ വിൻഡീസിനെ അതേ നാണയത്തിൽ തിരിച്ചടിച്ച് ഓസ്ട്രേലിയ. 289 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസിൻ്റെ നാലു മുൻനിര വിക്കറ്റുകളാണ് ഓസീസ് ഇതുവരെ പിഴുതത്. ക്രിസ് ഗെയിൽ, എവിൻ ലൂയിസ്, നിക്കോളാസ് പൂരൻ, ഷിംറോൺ ഹെട്‌മെയർ എന്നിവരുടെ വിക്കറ്റുകളാണ് വിൻഡീസിനു നഷ്ടമായത്.

മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും ചേർന്ന് ഓപ്പൺ ചെയ്ത ഓസീസ് പേസ് ആക്രമണത്തിനു മുന്നിൽ വിൻഡീസ് ഓപ്പണർമാർ വിയർത്തു. രണ്ടാം ഓവറിൽ തന്നെ എവിൻ ലൂയിസിനെ (1) സ്ലിപ്പിൽ സ്റ്റീവൻ സ്മിത്തിൻ്റെ കൈകളിലെത്തിച്ച കമ്മിൻസാണ് ഓസീസിന് ആദ്യ ബ്രേക്ക്‌ത്രൂ സമ്മാനിച്ചത്. കമ്മിൻസിനെ അതിജീവിച്ചെങ്കിലും സ്റ്റാർക്കിൻ്റെ വേഗതയേറിയ ഇൻസ്വിങ്ങിംഗ് പന്തുകൾക്കു മുന്നിൽ വിറച്ച ക്രിസ് ഗെയിൽ മൂന്നാം ഓവറിൽ രണ്ടു വട്ടം ഡിആർഎസ് മുഖേന രക്ഷപ്പെട്ടെങ്കിലും അഞ്ചാം ഓവറിൽ വീണു. സ്റ്റാക്കിനു തന്നെയായിരുന്നു വിക്കറ്റ്. 21 റൺസെടുത്ത ഗെയിലിനെ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു.

തുടർന്ന് ക്രീസിൽ ഒത്തു ചേർന്ന പൂരൻ-ഹോപ്പ് സഖ്യം കളി തിരിച്ചു പിടിച്ചു. ഹോപ്പ് ഇന്നിംഗ്സ് ആങ്കറുടെ റോൾ കൈകാര്യം ചെയ്തപ്പോൾ പൂരൻ മികച്ച സ്ട്രോക്ക് പ്ലേകളുമായി സ്കോർ ഉയർത്തി. മൂന്നാം വിക്കറ്റിൽ 68 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ഈ സഖ്യത്തെ ആദം സാംബയാണ് പൊളിച്ചത്. സാംബയെ ഉയർത്തി അടിക്കാനുള്ള പൂരൻ്റെ ശ്രമത്തിനിടെ ഉയർന്നു പൊങ്ങിയ പന്ത് മികച്ച രീതിയിൽ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് കൈപ്പിടിയിലൊതുക്കി. പുറത്താവുമ്പോൾ പൂരൻ അർദ്ധസെഞ്ചുറിയിൽ നിന്നും 10 റൺസ് മാത്രം അകലെയായിരുന്നു.

പൂരൻ പുറത്തായതിനു ശേഷം ക്രീസിലെത്തിയ ഷിംറോൺ ഹെട്‌മെയറും മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ വിൻഡീസ് വേഗത്തിൽ റൺസ് കണ്ടെത്താൻ തുടങ്ങി. 76ആം പന്തിൽ തൻ്റെ അർദ്ധസെഞ്ചുറിയിലെത്തിയ ഷായ് ഹോപ്പ് ഹെട്‌മെയറുമായി നാലാം വിക്കറ്റിൽ 50 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 28ആം ഓവറിൽ ഒരു റണ്ണൗട്ടിൻ്റെ രൂപത്തിൽ ഹെട്മെയർ പുറത്തായി. 21 റൺസെടുത്ത ഹെട്‌മെയർ പുറത്തായതോടെ ഓസീസ് വീണ്ടും കളി തിരിച്ചു പിടിച്ചു.

ഒടുവിൽ വിവരം കിട്ടുമ്പോൾ 31 ഓവറിൽ വിൻഡീസ് നാലു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തിട്ടുണ്ട്. 56 റൺസെടുത്ത ഷായ് ഹോപ്പും 12 റൺസെടുത്ത ജേസൻ ഹോൾഡറുമാണ് ക്രീസിൽ.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here