ആഷിക് അബു ചിത്രം വൈറസ് തീയേറ്ററുകളിലെത്തി; പ്രമോഷന്‍ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കിയായിരുന്നു റിലീസ്

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന ആഷിഖ് അബു ചിത്രം വൈറസ് ഇന്ന് തീയറ്ററുകളിലെത്തി. സംസ്ഥാനം ഒരിക്കല്‍ കൂടി നിപ്പ ഭീതിയിലാഴ്ന്ന സാഹചര്യത്തില്‍ പ്രമോഷന്‍ പരിപാടികള്‍ പൂര്‍ണമായും ഒഴിവാക്കി കൊണ്ടായിരുന്നു സിനിമയുടെ റിലീസ്. പ്രേക്ഷകര്‍ക്കൊപ്പമാണ് താരങ്ങളും സിനിമ കാണാനെത്തിയത്.

കോഴിക്കോട് പടര്‍ന്ന് പിടിച്ച നിപ്പകാലത്തിനൊപ്പം ഒരു നാട് മുഴുവന്‍ നിപ്പയെ അതിജീവച്ച കഥ പറയുന്ന സിനിമയാണ് ആഷിഖ് അബുവിന്റെ വൈറസ്. ചിത്രം പുറത്തിറങ്ങുന്നത് മറ്റൊരു നിപ കാലത്താണ് എന്ന പ്രത്യേകതയും കൂടി ഉണ്ട്. മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം കൂടിയാണ് വൈറസ്. പ്രേക്ഷകര്‍ക്കൊപ്പമെത്തിയാണ് താരങ്ങളും സിനിമ കണ്ടത്. ടൊവീനോ, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ ആദ്യ ദിനം തന്നെ ചിത്രം കാണാന്‍ എത്തി.

കേരളത്തെ ലോക ശ്രദ്ധയിലെത്തിച്ച നിപയ്‌ക്കെതിരായ പോരാട്ടം എത്രത്തോളം മഹത്തരമായിരുന്നു എന്നത് കാട്ടിത്തരുന്ന ചിത്രമാണെന്നും നിപ എന്ന മഹാമാരിക്കെതിരെ ഒരു നാടു മുഴുവന്‍ ഒന്നിച്ചു നടത്തിയ ഈ പോരാട്ടം കാണേണ്ടത് തന്നെയാണെന്ന് പ്രേക്ഷകര്‍ പ്രതികരിച്ചു. കേരളത്തില്‍ 158 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. വന്‍താരനിരയില്‍ അണിനിരക്കുന്ന ചിത്രം ആഷിഖ് അബുവും ഭാര്യ റിമ കല്ലിങ്കലും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യദിനം മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More