സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് ഡെൽഹിയിൽ ചേരും

സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ന് ഡെൽഹിയിൽ ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേരിട്ട വലിയ പരാജയം യോഗത്തിൽ ചർച്ചയാകും. പശ്ചിമ ബംഗാളിൽ സിപിഎം അനുഭാവി വോട്ടുകൾ ബിജെപിയിലേക്ക് പോയെന്ന് ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തുറന്ന് സമ്മതിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര കമ്മിറ്റി ചേരുന്നത്
കേരളം ബംഗാൾ ത്രിപുര ഉൾപെടെയുള്ള സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പർട്ടിക്ക് വോട്ട് ചോർച്ചയുണ്ടായെന്നും, സംസ്ഥാന നേതൃത്വങ്ങൾ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് തോൽവി ആത്മ വിമർശനാത്മകമായി വിലയിരുത്തുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഡെൽഹിയിൽ ചേർന്ന സിപിഎം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ.
പിബി തയ്യാറാക്കിയ റിപ്പോർട്ടിന്റെയും സംസ്ഥാന കമ്മിറ്റികൾ തയ്യാറാക്കിയ റിപ്പോർട്ടിന്റേയും അടിസ്ഥാനത്തിലാകും ഇന്ന് ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ ചർച്ച നടക്കുക. ശബരിമല വിഷയം കേരളത്തിലെ തോൽവിക്ക് കാരണമായെന്നാണ് സി പി എം കേരള ഘടകത്തിന്റെ വിലയിരുത്തൽ. വിശ്വാസി സമൂഹത്തിന്റെ തെറ്റിദ്ധാരണ മാറ്റാൻ പാർട്ടിക്ക് സാധിച്ചില്ലെന്ന് സംസ്ഥാമ സമിതി വിലയിരുത്തിയിരുന്നു.
ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കപെട്ടെന്നും സംസ്ഥാന കമ്മിറ്റി നിരീക്ഷിച്ചിരുന്നു. അതേ സമയം, പശ്ചിമ ബംഗാളിൽ വർഗീയ ധ്രുവീകരണം ഉണ്ടായെന്നും, സിപിഎം അനുഭാവി വോട്ടുകൾ ബി ജെ പി യിലേക്ക് പോയെന്നുമുള്ള ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പാരമർശം യോഗത്തിൽ ചർച്ചയായേക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎമ്മിന് നേടാനായത് കേവലം ആറു ശതമാനം വോട്ടുകളാണ്. സി പി ഐ മുന്നോട്ട് വച്ച ഇടത് പാർട്ടികളുടെ ഏകീകരണവും യോഗത്തിൽ ചർച്ചയാകും. മൂന്ന് ദിവസം നീണ്ട് നിക്കുന്ന യോഗം ഒമ്പതാം തിയതി അവസാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here