ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം പാകിസ്ഥാനെന്ന് അമേരിക്ക

ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം പാകിസ്ഥാനെന്ന് അമേരിക്ക. പ്രശ്‌ന പരിഹാരത്തിനായി ഇമ്രാന്‍ ഖാന്‍ ഇന്ത്യയ്ക്ക് കത്തയച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തിയത്. ദക്ഷിണേഷ്യയില്‍ ഭീകരവാദ ഗ്രൂപ്പുകളെ ഒഴിവാക്കി സമാധാനത്തിന് ശ്രമിക്കേണ്ടത് പാകിസ്ഥാനാണെന്നും അമേരിക്ക.

സൗത്ത് ഏഷ്യയില്‍ ഭീകരവാദത്തെ പാകിസ്ഥാന്‍ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അമേരിക്കയുടെ പക്ഷം. കാശ്മീരടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്കാഗ്രഹിക്കുന്നെന്നാണ് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം കത്തിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിച്ചത്.

കിര്‍ഖിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേകില്‍ ഈ മാസം നടക്കാനിരിക്കുന്ന ഷാങ്ഹായ് സമ്മേളനത്തില്‍ കൂടിക്കാഴ്ച നടത്താനായിരുന്നു ഇമ്രാന്‍ ഖാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. എന്നാല്‍ ഖാന്റെ ആവശ്യം ഇന്ത്യ നിരസിച്ചിരുന്നു. ഭീകരവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഇതിന് പിന്നാലെയാണ് ഇന്ത്യയെ പിന്തുണച്ച് വൈറ്റ് ഹൗസ് പ്രസ്താവനയിറക്കിയത്. ഭീകരവാദികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലക്കാതെ സമാധാന ചര്‍ച്ചകള്‍ക്ക് പ്രാധാന്യമില്ലെന്ന് വൈറ്റ് ഹൗസ് പ്രതിനിധി പറഞ്ഞു. ഇന്ത്യപാക് വിഷയത്തില്‍ അമേരിക്കയുടെ നിലപാട് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മറുപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More