ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം

ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ കാറപകടത്തിൽ ദുരൂഹതയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ആസൂത്രിത അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. അതേ സമയം ബാലഭാസ്‌ക്കറിന്റെ അച്ഛന്റെ പരാതിയിൽ അന്വേഷണം തുടരുമെന്നും സാമ്പത്തിക ഇടപാടുകളിലടക്കം വിശദമായ പരിശോധന നടത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.വയലിനിസ്റ്റ് ബാലഭാസ്‌ക്കർ മരണപ്പെട്ട കാർ അപകടം ആസൂത്രിതമല്ലെന്ന പ്രാഥമിക നിഗമനത്തിലേക്കാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമെത്തിയിരിക്കുന്നത്. അപകടത്തിൽ ദുരൂഹത സംശയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
വാഹനത്തിലുള്ളവർ ബോധപൂർവ്വം അപകടം സൃഷ്ടിക്കാനുള്ള സാധ്യതയില്ലെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു. എന്നാൽ കൂടുതൽ അന്വേഷണത്തിന് ശേഷമേ അന്തിമ നിഗമനത്തിലേക്ക് എത്താനാകൂവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നുണ്ട്. ബാലഭാസ്‌ക്കറിന്റെ അച്ഛൻ കെ.സി.ഉണ്ണിയുടെ പരാതിയിൽ അന്വേഷണം തുടരും. സാക്ഷി മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ അപകട സമയത്ത് വാഹനമോടിച്ചത് അർജുൻ തന്നെയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. എന്നാൽ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ ഇക്കാര്യം സ്ഥിരികരിക്കാനാകൂവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here