വാർണറിന് അർദ്ധ ശതകം; ഓസീസ് പൊരുതുന്നു

ലോകകപ്പിലെ 14ആം മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ പൊരുതുന്നു. 30 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് എന്ന നിലയിലാണ്. ഓപ്പണർമാരായ ആരോൺ ഫിഞ്ച് (36), ഡേവിഡ് വാർണർ (56) എന്നിവരാണ് പുറത്തായത്.
ഇന്ത്യയുടെ അതേ പാതയാണ് ഓസീസ് ഓപ്പണർമാരും സ്വീകരിച്ചത്. ആദ്യ പവർ പ്ലേ അതിജീവിക്കുക എന്ന ലക്ഷ്യം വിജയകരമായി ഓസ്ട്രേലിയ പൂർത്തിയാക്കിയപ്പോൾ ആദ്യ പവർ പ്ലേയിൽ പിറന്നത് 48 റൺസ്. ഡേവിഡ് വാർണർ പ്രതിരോധത്തിലൂന്നി സ്കോർ ചെയ്തപ്പോൾ ഫിഞ്ച് ആക്രമണത്തിൻ്റെ ചുമതല ഏറ്റെടുത്തു. ജസ്പ്രീത് ബുംറയെയും ഭുവനേശ്വർ കുമാറിനെയും ബുദ്ധിപൂർവ്വം നേരിട്ട ഇരുവരും ഹർദ്ദിക് പാണ്ഡ്യയെ കടന്നാക്രമിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്തതിനു ശേഷം 14ആം ഓവറിലാണ് ഇവർ വേർപിരിയുന്നത്. ഇല്ലാത്ത റണ്ണിനോടിയ ഫിഞ്ചിനെ കേദാർ ജാദവ് റണ്ണൗട്ടാക്കുകയായിരുന്നു.
പിന്നാലെ ക്രീസിലെത്തിയ സ്റ്റീവൻ സ്മിത്ത് അനായാസം സ്കോർ ചെയ്തതോടെ വാർണർ തൻ്റെ പ്രതിരോധ ശൈലി തുടർന്നു. ഇതിനിടെ 78 പന്തുകൾ അർദ്ധശതകം കുറിച്ച വാർണർ 25ആം ഓവറിൽ പുറത്തായി. റൺ നിരക്കുയർത്താനുള്ള ശ്രമത്തിനിടെ യുസ്‌വേന്ദ്ര ചഹാലിനെ ഉയർത്തിയടിച്ച വാർണറെ ഭുവനേശ്വർ കുമാർ കൈപ്പിടിയൊതുക്കി. 84 പന്തുകളിൽ 56 റൺസെടുത്ത വാർണർ രണ്ടാം വിക്കറ്റിൽ സ്മിത്തുമായി 72 റൺസ് കൂട്ടുകെട്ടും പടുത്തുയർത്തിയിരുന്നു.
മികച്ച ബാറ്റിംഗ് പ്രകടനവുമായി ക്രീസിൽ നിൽക്കുന്ന സ്മിത്തിലാണ് ഓസീസിൻ്റെ പ്രതീക്ഷകൾ. 42 റൺസെടുത്ത സ്മിത്തും 10 റൺസെടുത്ത ഉസ്മാൻ ഖവാജയുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here