‘അനസ് വിരമിച്ചപ്പോൽ എന്തു കൊണ്ട് ഞാനൊന്നും പറഞ്ഞില്ലെന്ന് നിങ്ങൾ ചോദിച്ചില്ലേ? ഇതാണ് കാരണം’; കുറിപ്പുമായി സികെ വിനീത്

തൻ്റെ വിരമിക്കൽ തീരുമാനം പിൻവലിച്ച് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ പ്രതിരോധ താരം അനസിന് ആശംസകളുമായി കേരളാ ബ്ലാസ്റ്റേഴ്സിൻ്റെ ഇന്ത്യൻ ദേശീയ താരം സികെ വിനീത്. അനസ് വിരമിച്ചപ്പോൾ എന്തു കൊണ്ട് താനൊന്നും പറഞ്ഞില്ലെന്ന് പലരും ചോദിച്ചുവെന്നും ഇപ്പോൾ നിങ്ങൾക്കതിൻ്റെ കാരണം മനസ്സിലായിട്ടുണ്ടാവുമല്ലോ എന്നും വിനീത് പറയുന്നു. തൻ്റെ ഫേസ്ബുക്ക് പേജിലാണ് വിനീത് അനസിനെ ആശംസിച്ച് രംഗത്തു വന്നത്.
‘അനസ് എടത്തൊടിക ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ, അത് അവസാനമാവില്ലെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം ഒരു പോരാളിയായിട്ടും കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പരിക്കുകൾ അദ്ദേഹത്തെ വലച്ചിരുന്നു. അദ്ദേഹത്തിന് ഇനിയും ഒരുപാട് നൽകാനുണ്ടെന്നും സമയം ശരിയായിരിക്കുമ്പോൾ അദ്ദേഹം തിരിച്ചുവരും എന്നും എനിക്ക് അറിയാമായിരുന്നു.
വിരമിക്കലിൽ ഭാവുകങ്ങൾ നേരാത്തതിനെപ്പറ്റിയും അദ്ദേഹത്തിൻ്റെ ദേശീയ കരിയറിനെ അഭിനന്ദിക്കാത്തതിനെപ്പറ്റിയും ഒരുപാടാളുകൾ എനിക്ക് മെസേജ് അയച്ചിരുന്നു. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ? കാരണം, അദ്ദേഹം തിരിച്ചു വന്നു.’- വിനീത് കുറിച്ചു.
ഏഷ്യൻ കപ്പിൽ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെ അപ്രതീക്ഷിതമായായിരുന്നു അനസിൻ്റെ വിരമിക്കൽ. ബഹ്‌റൈനെതിരെ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ത്തന്നെ അനസ് പരുക്കേറ്റു പുറത്തായിരുന്നു. മല്‍സരം തോറ്റ ഇന്ത്യ ടൂര്‍ണമെന്റിനു പുറത്താവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here