നിപ ബാധിതനായ വിദ്യാർത്ഥിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; രോഗിയുമായി സമ്പർക്കം പുലർത്തിയ ഒരാളെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

നിപ ബാധിതനായ വിദ്യാർത്ഥിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുള്ളതായി മെഡിക്കൽ ബുള്ളറ്റിൻ. രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. അതേസമയം രോഗ ലക്ഷണങ്ങളുമായി കൂടുതൽ പേർ ചികിത്സതേടി എത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
നിപ്പയുമായി ബന്ധപ്പെട്ട് ആശങ്ക അകറ്റുന്നതാണ് ആരോഗ്യ വകുപ്പ് ഏറ്റവും ഒടുവിൽ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. രോഗബാധിതനായ യുവാവ് പരസഹായമില്ലാതെ നടന്ന് തുടങ്ങിയെന്ന് ഡോക്ടർമാർ അറിയിച്ചു. പരിശോധനാ ഫലങ്ങളിൽ മൂത്രത്തിൽ മാത്രമാണ് വൈറസിന്റെ നേരിയ സാന്നിധ്യമുള്ളത്. എന്നാൽ ഈ യുവാവുമായി സമ്പർക്കം പുലർത്തിയ വരാപ്പുഴ സ്വദേശിയെ രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലുള്ളവരുടെ എണ്ണം എട്ടായി. തീവ്ര നിരീക്ഷണത്തിലുണ്ടായിരുന്ന 52 പേർക്കും നിപയില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 329 പേർ ഇപ്പോഴും നിരീക്ഷണത്തിലുണ്ട്. രോഗ ലക്ഷണങ്ങളുമായി കൂടുതൽ പേർ ചികിത്സ തേടിയിട്ടില്ല.
അതിനിടെ കളമശ്ശേരി മെഡിക്കൽ കോളേജിൽ 30 പേരെ കിടത്താവുന്ന പുതിയ ഐസലേഷൻ വാർഡ് സജ്ജമായതിനെതുടർന്ന് ട്രയൽ റൺ നടത്തി. രോഗി ആംബുലിസിൽ എത്തുന്നത് മുതൽ ഐസലേഷൻ വാർഡിൽ പ്രവേശിക്കുന്നത് വരെയുള്ള ഓരോ ഘട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനാണ് ട്രയൽ റൺ സംഘടിപ്പിച്ചത്.
അതേസമയം നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധന നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ നേത്യത്വത്തിൽ തൊടുപുഴ, മുട്ടം മേഖലകളിൽ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here