പാക്കിസ്ഥാൻ തകരുന്നു; ഏഴ് വിക്കറ്റുകൾ നഷ്ടം

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാന് ബാറ്റിംഗ് തകർച്ച. ഇതിനോടകം ഏഴു വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായിരിക്കുന്നത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിൻസാണ് പാക്ക് ബാറ്റിംഗിൻ്റെ നട്ടെല്ലൊടിച്ചത്. 136/3 എന്ന ശക്തമായ നിലയിൽ നിന്നാണ് അവർ തകർന്നത്.
മൂന്നാം ഓവറിൽ തന്നെ ഫഖർ സമാനെ (0) പാറ്റ് കമ്മിൻസ് പുറത്താക്കിയെങ്കിലും ബാബർ അസമും ഇമാമുൽ ഹഖും ചേർന്ന് വളരെ മികച്ച രീതിയിൽ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടു പോയി. രണ്ടാം വിക്കറ്റിൽ 54 റൺസിൻ്റെ മികച്ച കൂട്ടുകെട്ടുയർത്തിയ ഇരുവരും പതിനൊന്നാം ഓവറിൽ വേർപിരിഞ്ഞു. 30 റൺസെടുത്ത ബാബർ അസമിനെ കോൾട്ടർനൈൽ കെയിൻ റിച്ചാർഡ്സൻ്റെ കൈകളിലെത്തിക്കുകയായിരുന്നു.
പിന്നീട് ഇമാമുൽ ഹഖിനൊപ്പം ചേർന്ന മുഹമ്മദ് ഹഫീസും മികച്ച നിലയിൽ ബാറ്റ് ചെയ്തു. ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുത്ത ഹഫീസ് ഇമാമുൽ ഹഖിനൊപ്പം മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 80 റൺസാണ്. 26ആം ഓവറിലാണ് ഈ കൂട്ടുകെട്ട് തകരുന്നത്. 53 റൺസെടുത്ത ഇമാമുൽ ഹഖിനെ അലക്സ് കാരിയുടെ കൈകളിലെത്തിച്ച പാറ്റ് കമ്മിൻസ് തൻ്റെ വിക്കറ്റ് നേട്ടം രണ്ടാക്കി ഉയർത്തി.
27ആം ഓവറിൽ മുഹമ്മദ് ഹഫീസിൻ്റെ വിക്കറ്റിട്ട ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പാക്കിസ്ഥാനെ വലിയ അപകടത്തിലേക്ക് തള്ളി വിട്ടു. 46 റൺസെടുത്ത ഹഫീസിനെ സ്റ്റാർക്ക് പിടികൂടുകയായിരുന്നു. തുടർന്ന് ഷൊഐബ് മാലിക്കിനെ (0) കമ്മിൻസും ആസിഫ് അലി (5), ഹസൻ അലി (32) എന്നിവരെ കെയിൻ റിച്ചാർഡ്സണും പുറത്തായതോടെ ഓസീസ് വിജയം മണത്തു.
നിലവിൽ 35 ഓവർ പിന്നിടുമ്പോൾ പാക്കിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 205 എന്ന നിലയിലാണ്. 24 റൺസെടുത്ത സർഫറാസ് അഹ്മദും 2 റൺസെടുത്ത വഹാബ് റിയാസുമാണ് ക്രീസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here