ഡോറടയ്ക്കുന്നത് ചില്ലറക്കാര്യമല്ല; അനുസരിക്കാതിരുന്ന 94 ബസ് ഡ്രൈവര്‍മാരുടെയും 25 കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് തെറിച്ചു

സ്വകാര്യബസുകളുടെ വാതില്‍ തുറന്നിട്ട് ഓടിയ ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി. ബസിന് വാതില്‍ ഘടിപ്പിച്ചിട്ടും തുറന്നിട്ട് ഓടിയ 94 ഡ്രൈവര്‍മാരുടെയും 25 കണ്ടക്ടര്‍മാരുടെയും ലൈസന്‍സാണ് റദ്ദാക്കിയത്.
2019 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 11 വരെ കാക്കനാട്, തൃപ്പൂണിത്തുറ, ആലുവ, കളമശ്ശേരി, അങ്കമാലി, പറവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് നടപടി. മഫ്തിയിലായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. വാതില്‍ കെട്ടിവച്ച് സര്‍വീസ് നടത്തിയതിനാണ് കണ്ടക്ടര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഡ്രൈവര്‍ നിയന്ത്രിക്കുന്ന ന്യുമാറ്റിക് ഡോര്‍ തുറന്നുവച്ച് ബസ് ഓടിച്ചതിനാണ് ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഔദ്യോഗിക വേഷത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ ബസ് ജീവനക്കാര്‍ വാതില്‍ അടച്ചാണ് സര്‍വീസ് നടത്തുക. ഇത് മറികടക്കാനായിരുന്നു മഫ്തിയിലെത്തിയത്.
റോഡിന്റെ പല ഭാഗങ്ങളില്‍ നിന്നും ബസുകളുടെ സര്‍വീസ് മഫ്തിയില്‍ നിരീക്ഷിച്ച ഉദ്യോഗസ്ഥര്‍ യന്ത്രവാതില്‍ തുറന്നുവച്ചും സാധാരണ വാതില്‍ കയറുകൊണ്ട് കെട്ടിവച്ചും ഓടുന്നതിന്റെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പിടികൂടിയ ബസുകളിലെ യാത്രക്കാരെ എത്തേണ്ട സ്ഥലങ്ങളില്‍ എത്തിച്ച ശേഷമായിരുന്നു ബസ് കസ്റ്റഡിയിലെടുത്തത്. ഹിയറിങ് നടത്തിയാണ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here