മതചിഹ്നങ്ങളെ അവഹേളിച്ച കാർട്ടൂണിന് നൽകിയ അവാർഡ് പിൻവലിക്കണമെന്ന് ജോസ് കെ മാണി

മത ചിഹ്നങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി അവാർഡ് നൽകിയ നടപടി പിൻവലിക്കണമെന്ന് ജോസ് കെ മാണി എം.പി ആവശ്യപ്പെട്ടു. വിശ്വാസ സമൂഹത്തെ മൊത്തത്തിൽ താറടിക്കുന്ന നടപടിയാണ് ലളിതകലാ അക്കാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കുറ്റം അവാർഡ് നിശ്ചയിച്ച കമ്മിറ്റിയുടെ തലയിൽ ചാരി രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കരുതെന്നും ജോസ് കെ. മാണി പറഞ്ഞു.
മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് ആക്ഷേപമുയർന്നതോടെ സംസ്ഥാന ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ പുരസ്‌കാരം വിവാദമായിരുന്നു. പുരസ്‌കാരം ലഭിച്ച കാർട്ടൂണിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആയിരുന്നു കേന്ദ്രകഥാപാത്രം. ഈ കാർട്ടൂണിൽ ക്രിസ്തീയ മത ചിഹ്നങ്ങളെ മോശമായി ഉപയോഗിച്ചുവെന്നാണ് ആക്ഷേപമുയർന്നത്. കാർട്ടൂണിന് പുരസ്‌കാരം നൽകിയതിനെതിരെ കെസിബിസി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്ന് കാർട്ടൂൺ അവാർഡ് പുന:പരിശോധിക്കാൻ സർക്കാർ ലളിത കലാ അക്കാദമിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here