കുന്നത്തുനാട് നിലം നികത്തലിൽ വിവാദ വ്യവസായിയുടെ ബിനാമിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് പ്രതിപക്ഷം

കുന്നത്തുനാട് നിലം നികത്തലിൽ വിവാദ വ്യവസായിയുടെ ബിനാമിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് പ്രതിപക്ഷം നിയമസഭയിൽ. ഉത്തരവ് മരവിപ്പിച്ച ശേഷം എ.ജിയുടെ ഉപദേശം തേടി സമയം വൈകിപ്പിക്കുന്നത് ആരെ സഹായിക്കാനാണെന്ന് നാട്ടിൽ പാട്ടാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. എന്നാൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നായിരുന്നു റവന്യൂമന്ത്രിയുടെ മറുപടി. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ വെറുക്കപ്പെട്ടവനെന്ന് വിളിച്ച വിവാദ വ്യവസായിയുടെ ബിനാമിക്ക് വേണ്ടിയാണ് കുന്നത്തുനാട്ടിൽ നിലം നികത്തിയതെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് അവിഹിത ഇടപെടലുകൾ നടത്തിയെന്നും പ്രതിപക്ഷം സഭയിൽ കുറ്റപ്പെടുത്തി. കോടികളുടെ അഴിമതി ഇടപാടിന് പിന്നിൽ നടന്നതായി വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി പി സജീന്ദ്രൻ എംഎൽഎ ആരോപിച്ചു.
Read Also; കുന്നത്തുനാട് നിലംനികത്തല്‍ അനുവദിച്ച റവന്യുവകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
കുന്നത്തുനാട്ടിൽ നിലം നികത്തി ഉത്തരവിറക്കുന്നതിൽ അസാധാരണ തിടുക്കമുണ്ടായെന്നും എ ജിയുടെ നിയമോപദേശം തേടി സമയം വൈകിപ്പിക്കുന്നത് വിവാദ വ്യവസായിയെ സഹായിക്കാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ പ്രതിപക്ഷ ആരോപണങ്ങളെ റവന്യൂമന്ത്രി തളളുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here