മാധ്യമപ്രവര്ത്തകന് പ്രശാന്ത് കനോജിയ ജയിൽ മോചിതനായി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ തടവിലാക്കപ്പെട്ട മാധ്യമപ്രവര്ത്തകന് പ്രശാന്ത് കനോജിയ ജയിൽ മോചിതനായി. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് കനോജിയ ജാമ്യം ലഭിച്ച് ജയിലിൽനിന്നും പുറത്തിറങ്ങിയത്. 20,000 രൂപയുടെ രണ്ട് ജാമ്യത്തുകയ്ക്കും ആള് ജാമ്യത്തിലുമാണ് ഇദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
സുപ്രിം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒരു ട്വീറ്റ് ഇട്ടതിന്റെ പേരിൽ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാകില്ല എന്നു ചൂണ്ടിക്കാട്ടിയാണ് കനോജിയക്ക് അടിയന്തര ജാമ്യം അനുവദിക്കാൻ കോടതി ഉത്തരവിട്ടത്.
മഫ്തിയിലെത്തിയ പോലീസുകാർ കഴിഞ്ഞ എട്ടാം തീയതി കനോജിയയെ വീട്ടിൽ നിന്നും പിടിച്ചു കൊണ്ടു പോയി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ജഗീഷ നൽകിയ പരാതിയിൽ പറയുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിവാഹം ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുന്ന യുവതിയുടെ വീഡിയോ ദൃശ്യം ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു എന്ന പേരിലാണ് കനോജിയയെ അറസ്റ്റ് ചെയ്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here