സെമിത്തേരി തർക്കത്തെ തുടർന്ന് 33 ദിവസം മോർച്ചറിയിൽ സൂക്ഷിച്ച അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചു

സെമിത്തേരി തർക്കത്തെ തുടർന്ന് കഴിഞ്ഞ 33 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന കൊല്ലം നെടിയവിള സ്വദേശിനി അന്നമ്മയുടെ മൃതദേഹം സംസ്‌കരിച്ചു. കോടതിയുടേയും ജില്ലാ ഭരണകൂടത്തിന്റേയും ഇടപെടലിനെ തുടർന്ന് തർക്കമുണ്ടായിരുന്ന കൊല്ലറ സെമിത്തേരിയിലാണ് മൃതദേഹം സംസ്‌ക്കരിച്ചത്. കോൺക്രീറ്റ് കല്ലറ നിർമ്മിച്ച ശേഷമായിരുന്നു സംസ്‌കാരം നടത്തിയത്. അതിനിടെ പ്രദേശവാസികളിൽ ചിലർ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തു. പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണുള്ളത്.
ദളിത് ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട അന്നമ്മ മെയ് 13 നാണ് മരിച്ചത്. ഇടവകയിലെ യെറുശലേം മാർത്തോമ പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കാൻ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. 80 വർഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാൽ സംസ്‌കാരം നടത്തുമ്പോൾ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി. ഇമ്മാനുവൽ പള്ളിയിലെ അവസ്ഥ ഇത്തരത്തിലായതിനാൽ അന്നമ്മയെ മാന്യമായ രീതിയിൽ അന്ത്യോപചാരങ്ങൾ നൽകണമെന്നുറച്ച കുടുംബാംഗങ്ങൾ പ്രതിഷേധമുയർത്തുന്നവരെ കണ്ട് സെമിത്തേരിയിൽ അടക്കാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. എന്നാൽ ശവമടക്ക് നടത്താൻ അനുവദിക്കാതെ ബിജെപി പ്രവർത്തകരും ചില പ്രദേശവാസികളും ചേർന്ന് സെമിത്തേരിക്ക് മുന്നിൽ പ്രതിഷേധമിരുന്നു. ഇതോടെ ശവസംസ്‌കാരം തടസപ്പെട്ടു.
തുടർന്ന് മൃതദേഹം താലൂക്ക് ആശുപത്രിയേക്ക് മാറ്റി. മൃതദേഹം പള്ളി സെമിത്തേരിയിൽ തന്നെ സംസ്‌കരിക്കുന്നതിനായി ബന്ധുക്കൾ സർക്കാർ ഓഫീസുകളിലും കളക്ടറുടെ ഓഫീസിലും കയറിയിറങ്ങി. ഒടുവിൽ ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് മൃതദേഹം യെറുശലേം പള്ളിയിൽ അടക്കാനുള്ള സാധ്യതകൾ തെളിഞ്ഞത്. ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും കല്ലറ ഇളക്കി പരിശോധിക്കുകയും ചെയ്തു. പിന്നീട് കളക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ കല്ലറ കോൺക്രീറ്റ് ചെയ്താൽ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കാമെന്ന് തീരുമാനിച്ചു. വീണ്ടും പതിനാല് ദിവസം കാത്തിരുന്ന ശേഷമാണ് മൃതദേഹം സംസ്‌കരിക്കാനുള്ള അനുമതി ലഭിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here