Advertisement

സംസ്ഥാനത്ത് അടിക്കടി അപകടങ്ങളുണ്ടാകുന്ന 275 ‘ബ്ലാക്ക് സ്‌പോട്ടുകൾ’; അപകടമൊഴിവാക്കുന്ന തരത്തിൽ ഈ സ്ഥലങ്ങൾ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

June 13, 2019
Google News 2 minutes Read

സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി അടിക്കടി അപകടങ്ങളുണ്ടാകുന്ന 275 ബ്ലാക്ക് സ്‌പോട്ടുകളിൽ അപകടം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിക്കടി അപകടങ്ങൾ ഉണ്ടാകുന്ന 275 ബ്ലാക്ക് സ്‌പോട്ടുകൾ കേരള റോഡ് സേഫ്റ്റി അതോറിറ്റി കണ്ടെത്തിയിട്ടുണ്ടെന്നും ഹൈവേകളിലാണ് അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഒരു വർഷം ശരാശരി 4000 പേരാണ് റോഡപകടങ്ങളിൽ മരണപ്പെടുന്നത്. ഇതിൽ നല്ലൊരു പങ്കും ചെറുപ്പക്കാരും കുട്ടികളുമാണെന്നത് അതീവ ദു:ഖകരമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക്‌ കുറിപ്പിൽ പറയുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ ഒന്നിച്ച് നീങ്ങുകയാണ്. ഡോക്ടർമാർ, എഞ്ചിനീയർമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ സേവനവും ഇതിന് ആവശ്യമായി വരുമെന്നും അപകടങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ നടത്തുന്ന ഇടപെടലുകളോട് സഹകരിക്കണമെന്ന് ജനങ്ങളോടും അഭ്യർത്ഥിക്കുന്നതായും മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക്‌ കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

റോഡപകടങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ ബഹുമുഖമായ നടപടികൾ എടുത്തുവരികയാണ്. റോഡിൽ മനുഷ്യജീവൻ പൊലിയുന്നത് ഒഴിവാക്കാൻ സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. ജൂൺ 9-ന് പാലക്കാട് – കൊടുവായൂർ സംസ്ഥാന പാതയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് എട്ടു പേരാണ് മരിച്ചത്. നാടിനെ നടുക്കിയ ഈ ദുരന്തത്തെക്കുറിച്ച് ഇന്ന് നിയമസഭയിലും പരാമർശിക്കുകയുണ്ടായി.

സംസ്ഥാനത്ത് ഒരു വർഷം ശരാശരി 4000 പേരാണ് റോഡപകടങ്ങളിൽ മരണപ്പെടുന്നത്. മരണപ്പെടുന്നവരിൽ നല്ല പങ്ക് ചെറുപ്പക്കാരും കുട്ടികളുമാണെന്നത് അതീവ ദുഃഖകരമാണ്. 2018-ൽ 4081 പേർ അപകടങ്ങളിൽ മരിച്ചു. ഇതിലുമെത്രയോ പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

അമിതവേഗവും അശ്രദ്ധയും തന്നെയാണ് അപകടങ്ങൾക്ക് മുഖ്യകാരണമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിന് കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ നേതൃത്വത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും പൊതുമരാമത്ത് വകുപ്പും മറ്റു സർക്കാർ ഏജൻസികളും വിവിധ പരിപാടികൾ നടപ്പാക്കി വരികയാണ്. അടിക്കടി അപകടങ്ങൾ ഉണ്ടാകുന്ന 275 ബ്ലാക്ക് സ്‌പോട്ട് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. സമയബന്ധിതമായി ഈ ബ്ലാക്ക് സ്‌പോട്ടുകൾ അപകടം ഒഴിവാക്കുന്ന തരത്തിൽ മെച്ചപ്പെടുത്തും.

ഹൈവേകളിലാണ് അപകടങ്ങൾ കൂടുതലുണ്ടാകുന്നത്. അത് കണക്കിലെടുത്ത് ഹൈവേകളിൽ 24 മണിക്കൂറും ട്രാഫിക് പട്രോളിങ്ങിന് ‘സേഫ് കേരള പ്രൊജക്ട്’ നടപ്പാക്കുകയാണ്. ഇതിൻറെ ഫലമായി അടുത്ത മാസങ്ങളിൽ അപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിയും എന്ന് ഉറപ്പുണ്ട്.

അപകടങ്ങൾ കുറയ്ക്കുന്നതിന് പോലീസും മോട്ടോർ വാഹന വകുപ്പും ശക്തമായി ഇടപെടുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക, അമിത വേഗം മുതലായ കുറ്റങ്ങൾക്ക് 2017-ൽ 14,447 പേരുടെ ലൈസൻസാണ് റദ്ദാക്കിയത്. 2018-ൽ 17,788 ലൈസൻസ് റദ്ദാക്കി. റോഡിൽ നിയമം ലംഘിക്കുന്നവരോട് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല.

സ്‌കൂൾ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അധ്യയന വർഷാരംഭം തന്നെ പ്രത്യേകം പരിശോധന നടത്തി വാഹനങ്ങളുടെ സരുക്ഷിതത്വം ഉറപ്പുവരുത്തുന്നുണ്ട്. പരിശോധന കഴിഞ്ഞ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന ‘ചെക്ക്ഡ്’ സ്ലിപ്പ് പതിപ്പിച്ച വാഹനങ്ങൾ മാത്രമേ സ്‌കൂൾ വാഹനങ്ങളായി ഉപയോഗിക്കാൻ അനുവദിക്കൂ. സ്‌കൂൾ ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ വേഗപ്പൂട്ട് നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളിൽ ജിപിഎസ്സും നിർബന്ധമാണ്.

വാഹനപ്പെരുപ്പം, നിയമങ്ങൾ അനുസരിക്കാനുള്ള വിമുഖത, അശ്രദ്ധ, കാലവർഷം എന്നിവയെല്ലാം അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അപകടങ്ങൾ കുറയ്ക്കുന്നതിന് സർക്കാരിൻറെ വിവിധ വകുപ്പുകൾ യോജിച്ച് നീങ്ങുകയാണ്. ബോധവൽക്കരണവും ഇതിൻറെ ഭാഗമായി നടക്കുന്നു. അപകടങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ നടത്തുന്ന ഇടപെടലുകളോട് സഹകരിക്കണമെന്ന് ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

അപകടഘട്ടങ്ങളിൽ ഡോക്ടർമാർ, എഞ്ചിനീയർമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി സമൂഹത്തിൻറെ വിവിധ മേഖലകളിലുള്ളവരുടെ സേവനം ആവശ്യമായിവരും. അതു കണക്കിലെടുത്ത് ‘സാമൂഹ്യാധിഷ്ഠിത ദുരന്ത പ്രതികരണ സേന’ (സിവിൽ ഡിഫൻസ് ഫോഴ്‌സ്) രൂപീകരിക്കുന്ന കാര്യം സർക്കാരിൻറെ സജീവ പരിഗണനയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here