യുവിക്കുള്ള ധവാന്റെ ആശംസ കോപ്പിയടിച്ച് സൗമ്യ സർക്കാർ; ട്രോളുമായി സോഷ്യൽ മീഡിയ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ഇന്ത്യൻ താരം യുവരാജ് സിംഗിനുള്ള ഇന്ത്യൻ താരം ശിഖർ ധവാൻ്റെ ആശംസ കോപ്പിയടിച്ച് ബംഗ്ലാദേശ് ക്രിക്കറ്റർ സൗമ്യ സർക്കാർ. തൻ്റെ ഫേസ്ബുക്ക് പേജിൽ ധവാൻ പോസ്റ്റ് ചെയ്ത പോസ്റ്റാണ് സൗമ്യ സർക്കാർ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. കോപ്പിയടിക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്.
‘താങ്കളുടെ മാർഗനിർദേശങ്ങൾക്കും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി യുവി പാജി. ഞാൻ കണ്ട് കടന്നു പോയിട്ടുള്ള ഇടങ്കയ്യൻ ബാറ്റ്സ്മാന്മാരിൽ ഏറ്റവും മികച്ചയാളാണ് താങ്കൾ. ഞാനെപ്പോഴും താങ്കളുടെ ബാറ്റിംഗ് ടെക്നിക്കും സ്റ്റൈലും ശ്രദ്ധിച്ചിരുന്നു. താങ്കളിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട്. പുതിയ യാത്രയിൽ താങ്കൾക്ക് ക്ഷേമവും വിജയവും ആശംസിക്കുന്നു’- ഇങ്ങനെയായിരുന്നു ധവാൻ്റെ പോസ്റ്റ്.
ഈ പോസ്റ്റിൽ നിന്നും ഒന്നുരണ്ട് വാചകങ്ങൾ മാത്രം മാറ്റിയാണ് സൗമ്യ സർക്കാർ പോസ്റ്റ് ചെയ്തത്. സ്വന്തമായി ഒരു ആശംസ പോലും പറയാൻ മനസ്സില്ലാത്ത സൗമ്യ എന്തിനാണ് ഒരു പ്രഹസന പോസ്റ്റുമായി രംഗത്തു വന്നതെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.
ബംഗ്ലാദേശിൻ്റെ മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനാണ് സൗമ്യ സർക്കാർ. 2014ൽ ദേശീയ ടീമിനായി അരങ്ങേറിയ സൗമ്യ 14 ടെസ്റ്റ് മത്സരങ്ങളിലും 47 ഏകദിന മത്സരങ്ങളിലും 41 ടി-20 മത്സരങ്ങളിലും ജേഴ്സിയണിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here