രാജ്യത്ത് ഡോക്ടർമാരുടെ സമരം ശക്തമാകുന്നു; കൊൽക്കത്തയിൽ ഇന്ന് രാജിവെച്ചത് 71 ഡോക്ടർമാർ

ബംഗാളിൽ ജൂനിയർ ഡോക്ടർമാർ നടത്തുന്ന സമരത്തുന്ന പിന്തുണ അർപ്പിച്ച് രാജ്യ വ്യാപകമായി ഡോക്ടർമാർ പ്രതിഷേധിച്ചു. ഡൽഹി എയിംസിലെ റസിഡന്റ ഡോക്ടർമാർ ഉൾപെടെ രാജ്യത്തെ വിവിധ പ്രധാന ആശുപത്രിയിലെ ഡോക്ടർമാർ പണിമുടക്കി. സമരത്തെ തുടർന്ന് ചികിൽസക്കായി ആശുപത്രിയിലെത്തിയ രോഗികളും വലഞ്ഞു.
അതിനിടെ പ്രതിഷേധ സൂചകമായി പശ്ചിമ ബംഗാളിൽ 71 ഡോക്ടർമാർ രാജിവെച്ചു. ആർജി കാർ മെഡിക്കൽ കോളേജിൽ നിന്ന് 69 ഡോക്ടർമാരും നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ നിന്ന് രണ്ട് ഡോക്ടർമാരുമാണു രാജിവെച്ചത്. ഡോക്ടർമാർക്കെതിരേ മുഖ്യമന്ത്രി മമതാ ബാനർജി നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നാണ് അവരുടെ ആവശ്യം.
പശ്ചിമ ബംഗാളിൽ ഡോക്ടർമാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ്, രാജ്യവ്യാപകമായ പണിമുടക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്. ഡൽഹിയിൽ മാത്രം മുന്നൂറോളം ഡോക്ടർമാർ പണിമുടക്കി. റസിഡന്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ പണിമുടക്കിനും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്താനും ആഹ്വാനം ചെയ്തു. രാജ്യത്തെ എല്ലാ എയിംസ് ആസുപത്രികളും, പി ജി ഐ ചണ്ഡിഗഢ്്, ജിപ്‌മെർ ആശുപത്രികളിലേയും ഡോക്ടർമാർ സമരത്തിൽ അണിചേർന്നു.
പ്രതീകാത്മക സമരം ആകാമെന്നും, എന്നാൽ രോഗികളെ ബുദ്ധിമുട്ടിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ എൻആർഎസ് ആശുപത്രിയിൽ ജൂനിയർ ഡോക്ടർക്കു നേരെ രോഗിയുടെ ബന്ധുക്കൾ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് ബംഗാളിൽ സമരം ആരംഭിച്ചത്. സമരത്തിനു പിന്നിൽ ബിജെപിയാണെന്നായിരുന്നു മമതയുടെ ആരോപണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here