അസം, ത്രിപുര മുഖ്യമന്ത്രിമാരെ അപമാനിച്ചുവെന്നാരോപണം; ബിജെപി സോഷ്യൽ മീഡിയ സെൽ അംഗങ്ങളെ അറസ്റ്റു ചെയ്തു

അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനെതിരെ ഫേസ്ബുക്കിൽ വർഗീയ പരാമർശം നടത്തിയെന്നും അപമാനിച്ചുവെന്നുമാരോപിച്ചാണ് ബിജെപി സോഷ്യൽ മീഡിയ സെൽ അംഗമായ നിതു ബോറയെ അസം പൊലീസ് അറസ്റ്റ് ചെയ്തത്. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടു എന്ന കുറ്റമാരോപിച്ചാണ് ഹേമന്ത ബറുവയെ പൊലീസ് അറസ്റ്റു ചെയ്തത്.
അസമിലെ മൊറിഗാവ് സ്വദേശിയാണ് നിതു ബോറ. മറ്റു മൂന്നു പേരെ കൂടി സമാനമായ കുറ്റത്തിന്റെ പേരിൽ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്വദേശികളായ അസമുകാരെ കുടിയേറ്റക്കാരായ മുസ്ലിംകളിൽ നിന്ന് സംരക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്ന് നിതു ബോറ ഈയിടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഈയവസ്ഥക്ക് കാരണക്കാരൻ മുഖ്യമന്ത്രിയാണെന്നും ബോറ പറഞ്ഞിരുന്നു.
ത്രിപുരയിൽ അറസ്റ്റിലായ ഹേമന്ത ബറുവ ബിജെപി അനുഭാവിയും സോഷ്യൽ മീഡിയ സെൽ അംഗവുമാണ്. അസാം മുഖ്യമന്ത്രിയുടെ മണ്ഡലം കൂടിയായ മജൂലി ജില്ലയിലെ താമസക്കാരാണ് അറസ്റ്റിലായ ഹേമന്ത ബറുവ. മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ കുടുംബ ജീവിതം സംബന്ധിച്ച് വ്യാജ വാർത്ത പരാതിയെന്ന കേസിൽ ഇന്നലെ ഡൽഹിയിൽ നിന്ന് അനുപം പോൾ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ബറുവയുടെ അറസ്റ്റെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here