കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ ബ്രസീലില്‍ കിക്കോഫ്‌

കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ ബ്രസീലില്‍ കിക്കോഫ്. ആതിഥേയരും ബൊളീവിയയും തമ്മില്‍ ഇന്ത്യന്‍ സമയം രാവിലെ ആറ് മണിക്കാണ് ഉദ്ഘാടന മത്സരം. 10 ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കൊപ്പം അതിഥികളായി ഖത്തറും ജപ്പാനും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്.

ക്രിക്കറ്റ് ലോകകപ്പ് മഴയില്‍ കുതിരുമ്പോള്‍ ഒരു കോപ്പ നിറയെ ആവേശ ലഹരി വച്ചു നീട്ടുന്നു ലാറ്റിനമേരിക്ക. തെക്കേ അമേരിക്കയില്‍ ഫുടബോള്‍ യുദ്ധത്തിനായി പടക്കോപ്പുകള്‍ തയാറാണ്. ജൂലെ 8 വരെയുള്ള രാപ്പലുകളില്‍ അവ ശബ്ദിക്കും. നിറയൊഴിയ്ക്കും.

നാല് ടീമുകളടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളിലാണ് 12 ടീമുകള്‍ മാറ്റുരയ്ക്കുന്നത്. ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തും. മൂന്ന് ഗ്രൂപ്പുകളിലേയും മികച്ച രണ്ട് മൂന്നാം സ്ഥാനക്കാര്‍ക്കും ക്വാര്‍ട്ടറിലേക്ക് അവസരമുണ്ട്. പരുക്കേറ്റ നെയ്മറില്ലാതെയാണ് ബ്രസീല്‍ കോപ്പ സ്വന്തം നാട്ടില്‍ കളിക്കാനിറങ്ങുന്നത്.

1993ല്‍ അവസാനമായി കപ്പുയര്‍ത്തിയ അര്‍ജന്റീന മെസിക്കൊരു കിരീടമാണ് ആസൂത്രണം ചെയ്യുന്നത്. 2015ലും 16ലും കിരീടം നേടിയ ചിലെ അലക്‌സി സാഞ്ചസ്, വിദാല്‍, എഡ്വാര്‍ഡോ വര്‍ഗാസ് എന്നീ പടക്കുതിരകളില്‍ വീണ്ടും വിശ്വാസമര്‍പ്പിക്കുന്നു. കൊളംബിയ, യുറഗ്വായ്, പാരഗ്വായ്. ആരേയും വീഴ്ത്താന്‍ കെല്‍പ്പുള്ള സംഘങ്ങള്‍ കൂടി എത്തുന്നതിനാലാണ് ലോകകപ്പ് കഴിഞ്ഞാല്‍ ഏറ്റവും ആവേശം നിറയുന്ന ടൂര്‍ണമെന്റായി കോപ അമേരിക്ക മാറുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top