പി.വി അൻവറിന്റെ ഭാര്യാ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള തടയണ 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം

പി.വി അൻവർ എംഎൽഎയുടെ ഭാര്യാ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണ 15 ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. തടയണ പൊളിക്കണമെന്ന മുന്‍ ഉത്തരവുകള്‍ പാലിക്കാത്തതില്‍ രൂക്ഷവിമര്‍ശനമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. 15 ദിവസത്തിനകം തടയണ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി അന്ത്യശാസനം നല്‍കി. 12 മീറ്റർ മുകൾ ഭാഗത്തും 6 മീറ്റർ നീളത്തിൽ അടി ഭാഗത്തും പൊളിക്കണം. ഉടമസ്ഥൻ പൊളിക്കാന്‍ തയ്യാറാകാത്ത പക്ഷം കളക്ടര്‍ വേണ്ട നടപടി സ്വീകരിക്കണം. പൊളിക്കാനുള്ള ചിലവ് ഉടമസ്ഥനില്‍ നിന്നും ഈടാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
പി വി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള കക്കാടം പൊയിലിലെ വാട്ടർ തീം പാർക്കിനു വേണ്ടിയാണ് തടയണ നിര്‍മ്മിച്ചത്.പി വി അൻവറിന്‍റെ വാട്ടർ തീം അമ്യൂസ്മെന്‍റ് പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്താണെന്ന് കളക്ടർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. പാർക്ക് സ്ഥിതിചെയ്യുന്ന കക്കാടം പൊയ്യിൽ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ പട്ടികയിലെ അപകട സാധ്യത കൂടിയ സോൺ ഒന്നിൽ ഉൾപ്പെടുന്ന പ്രദേശമാണ്. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ള ഇവിടെ ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് തടയണ കെട്ടി നിർത്തിയിരുന്നത്. പാർക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും പെട്ടെന്ന് ഒഴുക്കി കളയണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here