മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; യുവതിയെ ഭര്‍ത്താവ് പുഴയില്‍ മുക്കിക്കൊന്നു

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് യുവതിയെ ഭര്‍ത്താവ് പുഴയില്‍ മുക്കിക്കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. മകന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു കൊലപാതകം. വിവരം പുറത്തു പറഞ്ഞാല്‍ അമ്മയുടെ അതേ ഗതി വരുമെന്ന് ഇയാള്‍ മകനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഭര്‍ത്താവ് മണിപാലിനെയും മന്ത്രവാദിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഏതാനും ദിവസം മുമ്പാണ് സന്ത്‌ദാസ് ദുർഗാദാസ് എന്ന മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മണിപാല്‍ ഭാര്യയെ നിര്‍ബന്ധിച്ചത്. ഇതിനു വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇക്കാര്യം പറയാനായി രണ്ടു ദിവസം മുമ്പ് യുവതി വിളിച്ചിരുന്നതായി സഹോദരന്‍ പൊലീസിനോടു പറഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ രമ്യതയിലായെന്നാണ് കരുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസം യുവതിയെ പുഴയരികിലേക്കു വിളിച്ചുകൊണ്ടുപോയി മണിപാല്‍ കൊലപാതകം നടത്തുകയായിരുന്നു.

അമ്മയെ പുഴയില്‍ മുക്കിക്കൊല്ലുന്നതു കണ്ട് മകന്‍ നിലവിളിച്ചു. എന്നാൽ വിവരം പുറത്തു പറഞ്ഞാല്‍ ഇതേ ഗതിയായിരിക്കുമെന്ന് മണിപാൽ മകനെ ഭീഷണിപ്പെടുത്തി. കൃത്യം നടത്തിയ ശേഷം മണിപാലും മന്ത്രവാദിയും പുഴ നീന്തി അക്കരെ കടന്നു. സഹോദരന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്. പുഴയില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top