ചർച്ചയ്ക്ക് തയ്യാറായി ഡോക്ടർമാർ; പശ്ചിമ ബംഗാളിലെ സമരം അവസാനിക്കുന്നു

പശ്ചിമ ബംഗാളിലെ ഡോക്ടർമാരുടെ സമരം അവസാനിപ്പിക്കാനുള്ള നടപടികളുമായി സർക്കാർ. ഡോക്ടർമാരുടെ ആവശ്യങ്ങൾ സംസ്ഥാന സർക്കാർ പൂർണമായി അംഗീകരിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയതോടെ ചർച്ചക്ക് തയ്യാറാണെന്ന നിലപാടിലേക്ക് ഡോക്ടർമാരും മാറിയിട്ടുണ്ട്. ഡോക്ടർമാരുടെ സംഘടന യോഗം ചേർന്ന് ചർച്ച നടത്തേണ്ട വേദി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അറിയിച്ചു.

ഡോക്ടർമാരുടെ സമരത്തിനു രാജ്യ വ്യാപകമായി പിന്തുണ ലഭിച്ചതും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ ഇടപെടൽ നടത്തിയതും കണക്കിലെടുത്താണ് ഒത്തു തീർപ്പ് നീക്കങ്ങളിലേക്ക് മമത ബാനർജി എത്തിയത്. ഡോക്ടർമായി ചർച്ച നടത്താൻ മന്ത്രിമാർക്ക് നിർദേശം നൽകിയെന്ന് കഴിഞ്ഞ ദിവസം മമത വ്യക്തമാക്കിയിരുന്നു. ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാക്കില്ലെന്ന ഉറപ്പും അവർ നൽകി. ഇതോടെയാണ് സമരം പിൻവലിക്കുന്ന ചർച്ചകളിലേക്ക് ഡോക്ടർമ്മാർ കടന്നത്. ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം ചർച്ചക്കുള്ള വേദിയും നിബന്ധനകളും ഡോക്ടർമ്മാർ സർക്കാരിനെ അറിയിക്കാനാണ് സാധ്യത. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഡോക്ടറെ മമത ബാനർജി സന്ദർശിക്കണമെന്ന് ഡോക്ടർമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സമരക്കാരുമായി ചർച്ചക്ക് ഇന്നലെയും ഇന്നുമായി അഞ്ച് മണിക്കൂറോളം കാത്തിരുന്നുവെന്നും, ഭരണഘടന സ്ഥാപനങ്ങളെ ബഹുമാനിക്കാൻ ഡോക്ടർമാർ തയ്യാറാകണമെന്നും കഴിഞ്ഞ ദിവസം മമത ബാനർജി പറഞ്ഞിരുന്നു. സമരം ചെയ്യുന്ന ഡോക്ടർമാർക്ക് പിന്തുണ അറിയിച്ച് റെസിഡന്റ് ഡോക്ടേർസ് അസോസിയേഷനും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തിങ്കളാഴ്ച രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച ഘട്ടത്തിൽ കൂടിയാണ് ഒത്ത് തീർപ്പ് ചർച്ചകളിലേക്ക് സർക്കാർ വേഗത്തിൽ കടന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More